ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ മാലയിൽ നിന്ന്, സ്വർണം പതിച്ച രുദ്രാക്ഷ മണികൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് അന്വേഷണം. സംഭവത്തിൽ മുൻ മേൽശാന്തിമാരുടെയും, മാല സമർപ്പിച്ച ഭക്തൻ്റെയും മൊഴിയെടുക്കും. ദേവസ്വം തിരുവാഭരണ കമ്മീഷണറുടെ പരിശോധനക്ക് ശേഷമാകും പൊലീസിൻ്റെ തെളിവെടുപ്പ്.

2006ൽ സമർപ്പിക്കപ്പെട്ട 23 ഗ്രാം വരുന്ന സ്വർണ്ണം കെട്ടിയ മാലയിൽ 81 രുദ്രാക്ഷങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള മാലയിൽ 72 രുദ്രാക്ഷങ്ങൾ മാത്രം. 9 മുത്തുകളും 5 ഗ്രാം സ്വർണവുമാണ് നഷ്ടപ്പെട്ടത്. മോഷണം ഏത് കാലയളവിൽ നടന്നു എന്നാണ് ആദ്യ പരിശോധന. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.16ന് ദേവസ്വം തിരുവാഭരണ കമ്മീഷണർ ക്ഷേത്രത്തിൽ പരിശോധന നടത്തും. ഇതിന് ശേഷം മാല വഴിപാടായി സമർപ്പിച്ച ഭക്തൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. 2006 ന് ശേഷം ചുമതലയേറ്റ 5 മേൽശാന്തിമാരുടേയും, ദേവസ്വം മാനേജർമാരുടെയും മൊഴിയെടുക്കും.