ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ്സ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. വേലിയിൽ കൂടി അമിത അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയത് എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
ആന ചരിഞ്ഞ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വൈദ്യുതി കമ്പികളുടെ ബാക്കി ഭാഗം സമീപത്ത് താമസിക്കുന്ന പാൽക്കുളം കുടിയിൽ സുരേഷിന്റെ വീട്ടിൽ നിന്നും വനം വകുപ്പിന് ലഭിച്ചു.ആനയുടെ ജഡം വനം വകുപ്പ് വെറ്ററിനറി സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കും.
അതേസമയം സർക്കാർ അനുമതിയോട് കൂടിയാണ് വൈദ്യുതി വേലി സ്ഥാപിച്ചത് എന്നാണ് സ്ഥലമുടമയുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്.



