വിവാദങ്ങൾ സിപിഐഎം സൃഷ്‌ടിച്ചത്, കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് വ്യക്തമാക്കി. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സിപിഐഎം സൃഷ്ടിച്ചതാണ്. സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സിപിഐഎം ശ്രമിക്കുന്നത്.സമുദായത്തിന്റെ അവകാശങ്ങള്‍ക്കും അവശ വിഭാഗങ്ങളുടെ ഉയര്‍ച്ചക്കും വേണ്ടി ലീഗ് ഉറക്കെ സംസാരിച്ച് കൊണ്ടിരിക്കും എന്നും അദ്ദേഹം ആരോപിച്ചു.

ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കും. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ മണ്ടന്‍ നയങ്ങളാണ് നടപ്പിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ ഓരോ കാര്യങ്ങളും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടി മുഖപത്രമായ ചന്ദ്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ വിവാദം ശക്തമായിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.