ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ അഭിമാന നേട്ടം കരസ്ഥമാക്കിയപ്പോള്‍ സിനിമ മേഖല ഒന്നടങ്കം ആശംസകളുമായി എത്തിയിരിക്കുകയാണ്. ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ അത്ലറ്റിക്സ് താരം നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത അത്ലറ്റിക്സ് മെഡല്‍ നേട്ടവും രണ്ടാം സ്വര്‍ണമെഡല്‍ നേട്ടവും സ്വന്തമാക്കാന്‍ നീരജിന് കഴിഞ്ഞു. ഒപ്പം ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ഒളിംപിക്ലായി ടോക്യോ ഒളിംപിക്സ് മാറുകയും ചെയ്തു.
നീരജിന് പുറമെ മറ്റൊരു ഇന്ത്യന്‍ താരവും ശനിയാഴ്ച ഒളിംപിക്സില്‍ മെഡല്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയയാണ് വെങ്കല മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇരുവര്‍ക്കും മോഹന്‍ലാലും മമ്മൂട്ടിയും അടക്കം പ്രമുഖ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിനന്ദനമറിയിച്ചു.
‘ടോക്കിയോ ഒളിമ്ബിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അത്‌ലറ്റിക്‌സില്‍ ഒളിമ്ബിക് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരന്‍. നിങ്ങളുടെ അത്ഭുതകരമായ വിജയത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു,’ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ശ്വാസമടക്കിപ്പിടിച്ച് കണ്ടുപോവുന്ന പ്രകടനം. വെങ്കല മെഡലിന് ബജ്‌രംഗ് പുനിയക്ക് അഭിനന്ദനങ്ങള്‍, അങ്ങനെ ഇന്ത്യയ്ക്ക് ആറാം മെഡല്‍ ലഭിച്ചു,’ എന്നായിരുന്നു ബജ്‌രംഗ് പൂനിയയുടെ വെങ്കല മെഡല്‍ നേട്ടത്തെ പ്രശംസിച്ച് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ജയറാം, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ആസിഫ് അലി, നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളും നീരജിന്റെ സുവര്‍ണ നേട്ടത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.



