പയ്യന്നൂര്‍: കുടുംബം പുലര്‍ത്താന്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കടന്ന് വന്ന് നിര്‍മ്മാണ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ മാനസിക നില തെറ്റിയ സോന തന്നെ തന്നെ തിരിച്ചറിഞ്ഞത് ഈയടുത്താണ്. തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന പയ്യന്നൂരിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ കണ്ണീരണിയുകയായിരുന്നു ഈ പഞ്ചാബി യുവാവ്.
തെരുവിലലഞ്ഞു നടന്നിടത്ത് നിന്നാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ പയ്യന്നൂര്‍ നഗരസഭയുടെ ‘ചാരെ’ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സോനയെ കണ്ടെടുത്തിയത്. അന്നത്തെ നഗരസഭ ചെയര്‍മാനായ അഡ്വ: ശശി വട്ടക്കൊവ്വല്‍ ഇടപെട്ട് ഏഴോം പൊടിത്തടത്തെ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ്

കെയര്‍ ഹോമിലേക്ക് യുവാവിനെ മാറ്റുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റ്യൂട്ടിലും പ്രവേശിപ്പിക്കപ്പെട്ട സോന അസുഖം ഭേദമായി കഴിഞ്ഞ പത്ത് മാസമായി ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സിന്റെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു .ഇതിനിടയിലാണ് അമൃത്സറില്‍ ഭാര്യയും മൂന്നുകുട്ടികളും അടക്കമുള്ള കുടുംബമുണ്ടെന്ന വിവരം ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് ഭാരവാഹികള അറിയിച്ചത്. തുടര്‍ന്ന് കുടുംബവുമായി ബന്ധപ്പെട്ടപ്പോഴാണ് ജോലിയാവശ്യാര്‍ത്ഥമാണ് സോന കേരളത്തിലെത്തിയതെന്ന വിവരം ലഭിച്ചത്.

നിര്‍മ്മാണജോലിയ്ക്കിടെ തലയ്ക്ക് പറ്റിയ അപകടത്തോടെയാണ് സോനയ്ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടതും, മാനസികാസ്വസ്ഥ്യം പ്രകടിപ്പിക്കുവാന്‍ തുടങ്ങിയതും. സ്വദേശത്തേക്ക് യാത്ര തിരിക്കുന്നതിന് മുമ്ബെ തന്നെ സുരക്ഷിത സ്ഥലത്ത് എത്തിച്ച്‌ രക്ഷിച്ച അധികൃതരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് യാത്ര പറയാന്‍ പയ്യന്നൂര്‍ നഗരസഭയിലെത്തിയത്. ചെയര്‍പേഴ്സണ്‍ കെ.വി.ലളിതക്ക് മധുര പലഹാരങ്ങള്‍ നല്‍കിയാണ് സോന നന്ദി അറിയിച്ചത്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് കെയര്‍ ഹോം മേധാവി അബ്ദുള്‍ റഷീദ് സഖാഫി, വളണ്ടിയര്‍മാരായ ബിജു, ഗോവിന്ദന്‍ , സിസ്റ്റര്‍ നിഷിത, അബ്ദുള്‍ ഷുക്കൂര്‍ , ജാക്സണ്‍ ഏഴിമല തുടങ്ങിയവരും സോനയോടൊപ്പമുണ്ടായിരുന്നു. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് വളണ്ടിയര്‍മാരായ എം.പി. മിദ്ലാജ് , അബ്ദുള്ള എന്നിവരാണ് സോനയെ പഞ്ചാബിലെ സ്വദേശത്ത് എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത് . ചാരെ പദ്ധതി വഴി പതിനഞ്ചോളം പേരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.