അബൂദബി: സമുദ്രജീവികളെ സംരക്ഷിക്കുന്നതിെന്റ ഭാഗമായി അബൂദബി പരിസ്ഥിതി ഏജന്‍സി അത്യാധുനിക ഗവേഷണ കപ്പല്‍ നിര്‍മിക്കുന്നു. മധ്യപൂര്‍വ ദേശത്തെ ഏറ്റവും നൂതനമായ 50 മീറ്റര്‍ നീളത്തിലുള്ള കപ്പലില്‍ സാമ്ബിളുകള്‍ പ്രോസസ് ചെയ്യാനുള്ള അഞ്ച് ലബോറട്ടറികളുണ്ടാവും. അറേബ്യന്‍ ഗള്‍ഫിലെ ജലത്തെക്കുറിച്ച് പഠിക്കാന്‍ കപ്പല്‍ സഹായിക്കും.
സ്പെയിനിലെ വിഗോയിലെ ഫ്രിയര്‍ ഷിപ്യാഡിലാണ് നിര്‍മിക്കുന്നത്. രൂപകല്പന ജനുവരിയില്‍ ആരംഭിച്ചു. 2022 ഡിസംബറില്‍ കപ്പല്‍ അബൂദബിയിലെത്തും. 30 ജീവനക്കാരെ വഹിക്കാവുന്ന കപ്പലിലെ ക്രൂ അംഗങ്ങള്‍ക്ക് സ്കൂബ ഡൈവിങ് സൗകര്യങ്ങളുമുണ്ടാകും. സമഗ്രമായ സമുദ്ര സര്‍വേകള്‍ പൂര്‍ത്തിയാക്കാനും കപ്പല്‍ വഴിയൊരുക്കും.
മത്സ്യവിഭവങ്ങളുടെ വിലയിരുത്തല്‍, പവിഴപ്പുറ്റുകളുടെയും കടല്ത്തീരത്തിെന്റയും ഉള്‍പ്പെടെ ആഴക്കടല്‍ ആവാസവ്യവസ്ഥ പഠനം, സമുദ്രജല ഗുണനിലവാര പരിശോധന, ഡോള്‍ഫിന്‍, ഡുഗോങ്, ആമകള്‍ തുടങ്ങിയവയുടെ ഗവേഷണം എന്നിവക്കും കപ്പല്‍ സഹായകമാവും. രാജ്യത്തുടനീളം സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്ന ഏജന്‍സിയുടെ പ്രവര്‍ത്തനത്തിന് ഇത് അനിവാര്യമാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു.



