നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായമൊരുക്കനായി നടന്‍ മമ്മൂട്ടിഒരുക്കിയ സ്മാര്‍ട്ട്‌ ഫോണ്‍ വിതരണ പദ്ധതിയായ ‘വിദ്യാമൃതത്തിന്‍റെ” മലബാര്‍ മേഖലാ തല വിതരണോത്ഘാടനം ബുധനാഴ്ച തലശേരിയില്‍ നടക്കും.

തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാപോലീത്ത വിതരണ പദ്ധതി ഉത്ഘാടനം ചെയ്യും. ബേപ്പൂര്‍ ഗവണ്മെന്‍റ്​ സ്കൂള്‍ പ്രധാന അധ്യാപിക സി.പി രമ കുട്ടികള്‍ക്ക് വേണ്ടി ആദ്യ ഫോണ്‍ ഏറ്റു വാങ്ങും.

മമ്മൂട്ടി തന്‍റെ ജീവകാരുണ്യ പ്രസ്ഥാനം ആയ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഫോണിനായി ലഭിച്ച ഏഴായിരത്തോളം അപേക്ഷകളില്‍ നിന്ന്​ മുന്‍ഗണനാടിസ്ഥാനത്തിലാണ്​ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. ചടങ്ങില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് വലിയമറ്റം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഫാ ജോണ്‍ കൂവപ്പാറയില്‍, മുഹമ്മദ്‌ റിസ്വാന്‍,അഫ്സല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.