മ്യാന്മറില്‍ അട്ടിമറിക്ക് നേതൃത്വം നല്‍കിയ സൈനിക മേധാവി സീനിയര്‍ ജന. മിന്‍ ആങ് ഹ്ലെയിങ് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. ഓങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച്‌ ആറുമാസം തികഞ്ഞ ഞായറാഴ്ചയാണ് പുതിയ നീക്കം. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പുതുതായി രൂപീകരിച്ച കാവല്‍ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെ അട്ടിമറിച്ച ഫെബ്രുവരി ഒന്നിന് സൈന്യം പ്രഖ്യാപിച്ച ഒരു വര്‍ഷ അടിയന്തരാവസ്ഥ 2023 ആഗസ്തുവരെ നീട്ടിയതായും പ്രഖ്യാപിച്ചു.

രണ്ടുവര്‍ഷത്തില്‍ (2023 ആഗസ്തില്‍) രാജ്യത്ത് ബഹുകക്ഷി തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹ്ലെയിങ് പ്രഖ്യാപിച്ചു. ഫെബ്രുവരിയിലും ‘രണ്ടുവര്‍ഷ’ പ്രഖ്യാപനം നടത്തിയിരുന്നു. അട്ടിമറിക്കുശേഷം രാജ്യത്ത് ജനങ്ങളും സൈന്യവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 939 പേരെ സൈന്യം വധിച്ചു.