ബലിപെരുന്നാളോടനുബന്ധിച്ച്‌ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് കേരളത്തോട് സുപ്രീം കോടതി. അതെ സമയം ബക്രീദ് പ്രമാണിച്ച്‌ വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘ജീവിക്കാനുള്ള അവകാശം’ സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണമെന്നും സുപ്രീം കോടതി താക്കീത് നല്‍കി.
ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ഡൌണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാ വശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്ബ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. .2 ശതമാനം ടി പിആര്‍ ഉള്ള യുപിയില്‍ കാന്‍വാര്‍ തീര്‍ത്ഥാടനം സുപ്രീം കോടതി തടഞ്ഞതായി നമ്ബ്യാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിംഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതെ സമയം കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികമാണെന്നും രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസ്സുകള്‍ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.
അതെ സമയം ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്രo ഏര്‍പ്പെടുത്തിയ ലോക്‌ഡോണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. നാളെ ഒന്നാമത്തെ കേസായി കേരളത്തിലെ ലോക് ഡൗണ്‍ ഇളവുകള്‍ക്ക് എതിരായ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതെ സമയം കാന്‍വാര്‍ തീര്‍ത്ഥാടനം റദ്ദാക്കിയ തീരുമാനം യുപി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി .