കേന്ദ്രമന്ത്രിമാരും പ്രതിപക്ഷനേതാക്കളും മാദ്ധ്യമപ്രവര്‍ത്തകരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്ട്വെയര് പെഗാസസ് വീണ്ടും വിവാദങ്ങളിലേക്ക്. സൗദിയിലെ വിമത മാദ്ധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാദ്ധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. 80 രാജ്യങ്ങളിലാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2019ലാണ് പെഗാസസ് സോഫ്ട്വെയര് ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സാപ്പ് യു.എസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു,
തുടര്‍ന്ന് വാട്സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. 2019 നവംബറില്‍ മറുപടി നല്കിയ വാട്ട്സ്ആപ്പ്, വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷാ കാര്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് വിശദീകരണം നല്കി.
ഇസ്രയേല്‍ കമ്ബനിയായ എന്‍.എസ്.ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്ട്വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളില്‍ ഒരു തരത്തിലും സാന്നിദ്ധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആള്‍ക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകള്‍ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്ട്വെയര് ഉണ്ടെന്ന് എന്‍.എസ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഈ സോഫ്ട്വെയര് വില്‍ക്കുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രമാണ് എന്നാണ് കമ്ബനി യു.എസ് കോടതിയില്‍ നല്കിയ ,സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്. .
ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവര്‍ത്തനവും പെഗാസസ് ചോര്‍ത്തും, ഫോണ്‍ വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോര്‍ത്താന്‍ കെല്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്സാപ്പും അവകാശപ്പെടുന്നത്. എന്നാല്‍ സമീപകാലം വരെയും ചോര്‍ച്ച നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്.



