മസ്​കത്ത്​: ഒമാനിലേക്ക്​ വരുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും നിര്‍ബന്ധിത ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി ഒഴിവാക്കി.

ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍, ലാബ്​ അസിസ്​റ്റന്‍റ്​, എക്​സ്​റേ ടെക്​നീഷ്യന്‍, ഫാര്‍മസിസ്​റ്റ്​ തുടങ്ങി മെഡിക്കല്‍, മെഡിക്കല്‍ അസിസ്​റ്റന്‍സ്​ തസ്​തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക്​ ഒമാനിലെത്തിയാല്‍ താമസസ്​ഥലത്ത്​ ക്വാറന്‍റീന്‍ ചെയ്​താല്‍ മതി. സര്‍ക്കാര്‍, സ്വകാര്യസ്​ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക്​ ഈ ആനുകൂല്യം ലഭിക്കുമെന്ന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ അറിയിച്ചു.

ഒമാനിലെത്തുന്ന മറ്റ്​ വിദേശികള്‍ക്കെല്ലാം ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. മറ്റ്​ നടപടിക്രമങ്ങളിലും മാറ്റമില്ല. എട്ട്​ മണിക്കൂറില്‍ കൂടുതല്‍ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന്​ 96 മണിക്കൂറുള്ള പി.സി.ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂര്‍ മുമ്ബുമുള്ള കോവിഡ്​ പരിശോധനാ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം.

വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക്​ വിധേയമാകണം. ട്രാക്കിങ്​ ബ്രേസ്​ലെറ്റ്​ ധരിക്കുകയും ഏഴ്​ ദിവസം ക്വാറന്‍റീനില്‍ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആര്‍ നടത്തി നെഗറ്റീവ്​ ആണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.