ആഢംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി നടന്‍ വിജയ്. ജസ്റ്റിസ് എം.എം സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍ മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും. ഇറക്കുമതി ചെയ്ത ആഡംബര കാറിന്‍റെ പ്രവേശന നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2012 ലാണ് താരം ഹര്‍ജി നല്‍കുന്നത്. അതേസമയം, താരത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സിംഗിള്‍ ബഞ്ച് വിഷയത്തില്‍ വിധിപറഞ്ഞത്. താരത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതിനു പിന്നാലെയാണ് വിധിക്കെതിരെ അപ്പീലുമായി താരമെത്തിയത്. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നല്‍കാതിരിക്കാന്‍ വേണ്ടിയോ അല്ല അപ്പീല്‍ നല്‍കുന്നതെന്നും ജഡ്ജിയുടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെയാണ് അപ്പീല്‍ നല്‍കിയത് എന്നാണ് വിജയിയുടെ അഭിഭാഷകന്‍ കുമാരേശന്‍ പറഞ്ഞത്.ബ്രിട്ടനില്‍ നിന്നെത്തിച്ച 5 കോടി രൂപയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാല്‍ എന്‍ട്രി ടാക്സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് 2012ല്‍ വിജയ് ഹര്‍ജി നല്‍കിയത്.