വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് എടുക്കുന്നതിലെ കര്‍ശന നിബന്ധനകള്‍ ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ കാനഡയിലേക്ക് കുടിയേറുന്നതിന് കാരണമായി തീരുന്നുണ്ടെന്ന് അമേരിക്കയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിയമവിദഗ്ദ്ധര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനം രാജ്യത്തിന് ആവശ്യമാണെന്നും ഇവര്‍ കാനഡയിലേക്ക് മാറുന്നത് അമേരിക്കയുടെ സാങ്കേതിക രംഗത്തെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് രാജ്യത്തെ സാങ്കേതിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതില്‍ ഓരോ രാജ്യത്തിനും അനുവദിച്ചിട്ടുള്ള ക്വാട്ട അനുസരിച്ച് മതിയായ ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് മാറ്റം വരുത്താത്ത അമേരിക്കയുടെ എമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താതെ ഈയൊരു പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷത്തിനുള്ളില്‍ 2 മില്ല്യണ്‍ വിദേശ പൗരമന്മാര്‍ ഗ്രീന്‍ കാര്‍ഡിന് വേണ്ടി അപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അത് മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിയമനിര്‍മാണ സഭകള്‍ തയ്യാറാകണമെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.



