തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആര്‍ പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുണ്ടായേക്കും. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്ലാദിവസവും കടകള്‍ തുറക്കുന്നത് പരിഗണിയിലാണ്. ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തല്‍സ്ഥിതി തുടര്‍ന്നേക്കും. റസ്റ്ററന്റുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല. അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. പുതിയ ടിപിആറിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിക്കുന്നത് പുനക്രമീകരിച്ചേക്കും.

ഇന്നലെ കേരളത്തിന് ആശ്വാസദിനമായിരുന്നു. ടിപിആര്‍ കുറഞ്ഞതിനൊപ്പം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരത്തില്‍ താഴെയായി. 7798 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. സംസ്ഥാനത്ത് ആയിരത്തിന് മേലെ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും തൃശൂര്‍ ജില്ലയില്‍ മാത്രമാണ്. 1092 കേസുകളാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്.

കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗവും ഇന്ന് നടക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 8 മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അസം, നാഗാലാന്റ്, ത്രിപുര, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചര്‍ച്ച.

രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗ വ്യാപന തോത് മാറ്റമില്ലാതെ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആണ് പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.