മലപ്പുറം: കിറ്റക്‌സ് വിഷയത്തില്‍ പ്രതികരിച്ച്‌ എം.എല്‍.എ പി.കെ.കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാ‌ര്‍ഷ്ട്യം കാണിക്കരുതെന്നും നിക്ഷേപകര്‍ രാഷ്ട്രീയം കളിക്കരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . ‘കിറ്റക്സില്‍ ഇത് രണ്ടും സംഭവിച്ചു. ഇതോടെ നിക്ഷേപത്തിന് ഏറെ സാധ്യതകളുള്ള കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം നല്‍കി. പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കും’- കുഞ്ഞാലിക്കുട്ടി പറഞ്ഞു .

‘കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ് . യുഡിഎഫ് സ‍ര്‍ക്കാരിന്‍റെ കാലത്തും ഇതുപോലെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട് . അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണ്‌. സംസ്ഥാനത്ത് പ്രധാന വ്യവസായങ്ങള്‍ കൊണ്ടുവന്നത് എല്ലാം യു.ഡി.എഫ് സര്‍ക്കാരാണ്. വ്യവസായ വളര്‍ച്ച പിന്നീട് പലപ്പോഴും ഉണ്ടായില്ല. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ചെറുകിട വ്യവസായ, ഐ.ടി മേഖലകളില്‍ വളര്‍ച്ചയുണ്ടായില്ല’- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

‘നിലവിലെ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ് . ചെറുകിട വ്യാപാരികള്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ പറയണം . മദ്യഷാപ്പുകള്‍ തുറന്ന സര്‍ക്കാര്‍ കച്ചവടക്കാരെ കാണാതിരിക്കരുതെന്നും ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണം’- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.