ഇല്ലിനോയ്സ് : ബാറില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് സുരക്ഷാ ജീവനക്കാരന് പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് 41 ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം.
യോര്‍ക്ക് വില്ലിയിലാണ് സംഭവം. കൗണ്ടിയുടെ ചരിത്രത്തില്‍ ഇത്രയും വലിയ നഷ്ടപരിഹാരം നല്കുന്ന ആദ്യ കേസാണിത്. പ്ലാനോ ബാറില്‍ മദ്യപിച്ചു ബഹളം വെച്ച മറീന്‍ വെറ്ററന്‍ ലോഗന് ബ്ലാന്റിനെ സുരക്ഷാ ജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ശരീര ഭാഗത്തിന് തളര്‍ച്ച ബാധിച്ചതിനാണ് നഷ്ടപരിഹാരമായി 41 ബില്യന്‍ ഡോളര്‍ നല്‍കണമെന്ന് ജൂറി വിധിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലോഗന് ബാറിലെത്തി മദ്യപിക്കുകയും അവിടെയുള്ള വരുമായി തര്‍ക്കിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചു. വീഴ്ചയില്‍ കഴുത്തിലെ കശേരു തകര്‍ന്ന് അരക്കു താഴെ തളരുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന ലോഗനെ ശുശ്രൂഷിക്കുന്നതിന് ഒരു ഫുള്‍ ടൈം കെയര്‍ ടേക്കറെ നിയമിക്കേണ്ടതുണ്ടെന്നും ഭാവിയില്‍ ജോലി ചെയ്ത് ജീവിക്കാനാകില്ലെന്നും ജൂറി കണ്ടെത്തി. തുടര്‍ന്നാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം വിധിച്ചത്.



