ഹവാന :കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്സിനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളവയേക്കാള്‍ ഫലപ്രദമെന്ന് പഠനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ വികസിപ്പിച്ച ‘സൊബെറാന 2’ 91.2 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു. അബ്ദല വാക്സിന്‍ 92.8 ശതമാനം ഫലപ്രദമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയില്‍ മൂന്ന് ഡോസ് വാക്സിനാണ് നല്‍കേണ്ടത്. ‘സൊബെറാന’യില്‍ മൂന്നാം ഡോസായി ‘സൊബെറാന പ്ലസ്’ നല്‍കുന്നു.

റഫ്രിജറേറ്ററില്‍ രണ്ടുമുതല്‍ എട്ടുവരെ ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. കണ്‍ജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തയ്യാറാക്കിയ ആദ്യ കോവിഡ് വാക്സിനുകളാണ് ഇവ. വൈറസിന്റെ സ്പൈക്ക് പ്രോട്ടീന്‍ കൃത്രിമ പദാര്‍ഥവുമായി കൂട്ടിച്ചേര്‍ത്താണ് അബ്ദല വാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. ടെറ്റനസ് വാക്സിനുമായി ചേര്‍ത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. വാക്സിനിലെ വൈറസ് ആന്റിജന്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇത്.

ആഗസ്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വര്‍ഷാന്ത്യത്തോട മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൊബെറാനയുടെ ഇറാനിലെ മൂന്നാം ഘട്ട പരീക്ഷണം അവസാനഘട്ടത്തിലാണ്. വാക്സിന്‍ ഇറാനില്‍ നിര്‍മിക്കാനായി സാങ്കേതികവിദ്യ ഉടന്‍ കൈമാറും.

അതേസമയം, ക്യൂബയില്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുന്നു. ഗര്‍ഭകാലയളവില്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രസവം കഴിഞ്ഞ് അടുത്ത ദിനങ്ങളില്‍ത്തന്നെ വാക്സിന്‍ നല്‍കും.