ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി പുതിയ നയം പുറത്തിറക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് 11 ലോക ജനസംഖ്യാ ദിനത്തില്‍ നടന്ന ചടങ്ങിലാണ് ജനസംഖ്യാ നയം 2021-2031 അദ്ദേഹം ഉദ്ഘടാനം ചെയ്തത്. ഇതിലൂടെ സാധാരണക്കാര്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികളും തമ്മില്‍ ആവശ്യത്തിന് പ്രായ വ്യത്യാസം വേണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാ വളര്‍ച്ച ദാരിദ്ര്യവുമായി വളരയധികം ബന്ധപ്പെട്ടിരിക്കുന്നതായും പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സമുദായക്കാര്‍ക്കും പരിരക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2050 ഓടെ ജനസംഖ്യാ നിയന്ത്രണത്തില്‍ സ്ഥിരത കൈവരിക്കാനാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് അറിയിച്ചു. പുതിയ നയത്തിലൂടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.1 ശതമാനമാക്കി കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനസംഖ്യ ബില്‍ 2021 കരട് പുറത്തുവിട്ടത്. കരട് പ്രകാരം രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക് നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകും. സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷ നല്‍കുന്നതില്‍ നിന്നുമുള്‍പ്പെടെ ഇവരെ വിലക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തും. ഇതിന് പുറമേ രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.