ലോകത്ത് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിനാല്‍ മഹാമാരി ഉടനെ കുറയില്ലെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്. വിവിധ രാജ്യങ്ങളില്‍ വാക്സിനേഷന് കാര്യമായി പുരോഗമിക്കുന്നത് ഗുരുതര രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നുണ്ടെങ്കിലും പലയിടത്തും ഓക്സിജന്‍ ക്ഷാമവും ആശുപത്രിക്കിടക്കകളുടെ ലഭ്യതക്കുറവും മൂലം ഉയര്‍ന്ന മരണനിരക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ബ്ലൂംബര്‍ഗ് ടിവിയോട് സൗമ്യ സ്വാമിനാഥന് പറഞ്ഞു.
‘അവസാന 24 മണിക്കൂറില്‍ 5 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 9300 മരണവും – ഇതു വ്യക്തമാക്കുന്നത് മഹാമാരിയുടെ വേഗത കുറയുന്നില്ലെന്നാണ്. ഡബ്ല്യുഎച്ച്ഒയുടെ ആറ് മേഖലകളില്‍ അഞ്ചിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആഫ്രിക്കയിലെ മരണ നിരക്ക് 30ല്‍നിന്ന് 40 ശതമാനമായി വര്‍ധിച്ചു. ഈ വര്‍ധനയ്ക്കു കാരണം വളരെവേഗം വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദവും ആഗോളതലത്തില്‍ വാക്സിനേഷന് മെല്ലെപ്പോക്കും സുരക്ഷാ നടപടികളായ മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയില്‍ വരുത്തുന്ന വീഴ്ചകളുമാണ്’ അവര്‍ വ്യക്തമാക്കി. വാക്സിനേഷന് മികച്ച രീതിയില്‍ നടപ്പാക്കുന്നുവെന്നു കാട്ടി രാജ്യങ്ങള്‍ വീണ്ടും തുറന്നുകൊടുക്കുന്ന സാഹചര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ ആഴ്ച ഡബ്ല്യുഎച്ച്ഒ വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.



