ജനസംഖ്യ നിയന്ത്രണത്തിന് കര്‍ശന​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതില്‍ നിന്നും വിലക്കാന്‍ വ്യവസ്ഥയുള്ള കരട് ബില്‍ പ്രസിദ്ധീകരിച്ചു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക്​ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക്​ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷ നല്‍കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ സര്‍ക്കാര്‍ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക്​ സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും യു.പി ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്​ എ.എന്‍ മിത്തല്‍ വ്യക്തമാക്കി. കുടുംബത്തിന്‍റെ റേഷന്‍ കാര്‍ഡില്‍ നാലംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, നിയമം പാലിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായാവും ഭൂമി വാങ്ങുന്നതിന് സബ്‌സിഡിയും നല്‍കും. രണ്ട് കുട്ടികള്‍ മാത്രമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫ് ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നും ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.