ന്യൂഡല്‍ഹി: എല്ലാവര്ക്കും ബാധകമാകുന്ന വിധം ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ആവശ്യമാണെന്നും അത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കണമെന്നും ഡല്‍ഹി ഹൈകോടതി. കോടതി വിധിയുടെ പകര്‍പ്പ് നിയമ-നീതികാര്യ മന്ത്രാലയം സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ്ങിെന്റ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. മതത്തിെന്റയും സമുദായത്തിെന്റയും ജാതിയുടെയും പരമ്ബരാഗതമായ തടസ്സങ്ങള്‍ തൂത്തെറിഞ്ഞ് ഇന്ത്യന്‍ സമൂഹം ഏകജാതീയമായിക്കൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തിയാണ് രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അനിവാര്യമായിരിക്കുകയാണെന്ന് ഹൈകോടതി പറഞ്ഞത്. മീണ സമുദായത്തിലെ ദമ്ബതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട 1955ലെ ഹിന്ദു വിവാഹ നിയമത്തിെന്റ പ്രായോഗികത ചോദ്യം ചെയ്യുന്ന ഹരജിയിലാണ് കോടതി നിരീക്ഷണം. മൂന്നു ദശകം മുമ്ബ് തന്നെ ഏകീകൃത വ്യക്തി നിയമങ്ങള്‍ക്ക് അനുകൂലമായി സുപ്രീംകോടതി നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ജഡ്ജി ഒാര്‍മിപ്പിച്ചു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ തുടങ്ങി വ്യക്തിപരമായ വിഷയങ്ങളില്‍ എല്ലാ മത സമൂഹങ്ങളിലുള്ളവരും ഒരേ നിയമം പിന്തുടരുന്നതിനാണ് ഏക സിവില്‍ കോഡ്. നിലവില്‍ ഒാരോ മതക്കാര്‍ക്കും അവരവരുടെ വ്യക്തിനിയമങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഭരണഘടനയുടെ 44ാം അനുച്ഛേദം വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം എന്നിവയില്‍ ഏകീകൃത വ്യക്തിനിയമത്തിലേക്ക് നീങ്ങാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതാണെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടി.
വിവിധ വ്യക്തി നിയമങ്ങള്‍ മൂലം സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും ഇതില്ലാതാക്കുമെന്നും വിവിധ മത, ജാതി, ഗോത്ര സമൂഹങ്ങളിലുള്ള യുവ ജനങ്ങള്‍ വ്യക്തിനിയമങ്ങള്ക്കിടയിലെ പ്രശ്നങ്ങളുമായി പൊരുതേണ്ടിവരുകയാണെന്നും സിംഗിള്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നേരത്തേ ഇതേ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. രാമക്ഷേത്ര അജണ്ടക്ക് ശേഷം ആര്.എസ്.എസ് ലക്ഷ്യമിടുന്ന ‘ഒരു രാജ്യം ഒരു നിയമം’ അജണ്ടക്ക് കേന്ദ്ര സര്‍ക്കാറിന് പിടിവള്ളിയാകുന്നതാണ് ഡല്‍ഹി ഹൈകോടതി ഉത്തരവ്.



