കാബൂള്‍: അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ അഫ്ഗാനിസ്ഥാനില്‍ 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുളള ശ്രമം വേഗത്തിലാക്കി താലിബാന്‍. അഫ്ഗാന്‍ സര്‍ക്കാരിന്റെ സേനയ്‌ക്ക് നേരെ രൂക്ഷമായ ആക്രമണം നടത്തിയ ശേഷം ഇപ്പോള്‍ അഫ്ഗാന്‍ പ്രവിശ്യയായ ബാദ്ഗിസിന്റെ തലസ്ഥാനമായ ക്വല ഇ നവില്‍ താലിബാന്‍ ശക്തമായ ആക്രമണം നടത്തി. നഗരവാസികളില്‍ ഇത് വലിയ ഭയവും പ്രദേശത്തെ ജയിലിലെ തടവുകാര്‍ തടവ് ചാടി രക്ഷപ്പെടാനും ഇടയാക്കി.
പ്രവിശ്യയുടെ ചുറ്റുമുളള ജില്ലാ പ്രദേശങ്ങളെല്ലാം താലിബാന്‍ സായുധ സേനാനികള്‍ പിടിച്ചെടുത്തു കഴിഞ്ഞു. ‘ശത്രു നഗരത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. നഗരത്തിലെ എല്ലാ ദിക്കിലും പോരാട്ടം തുടങ്ങിക്കഴിഞ്ഞു.’ബാദ്‌ഗിസ് ഗവര്‍ണര്‍ ഹെസാമുദ്ദീന്‍ ഷംസ് അഭിപ്രായപ്പെട്ടു. ബാദ്ഗിസ് പ്രവിശ്യ കൗണ്‍സില്‍ തലവനായ അബ്ദുള്‍ അസീസ് ബേക്കും താലിബാനെതിരെ പോരാട്ടം തുടങ്ങിയതായി അറിയിച്ചു. ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗത്യന്തരമില്ലാതെ താലിബാന് കീഴടങ്ങിയതായും വിവരമുണ്ട്.
ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനിലെ ‘എന്നന്നേക്കുമുളള യുദ്ധം’ അവസാനിപ്പിക്കുന്നതായി അറിയിച്ച് കഴിഞ്ഞയാഴ്‌ച സേനയെ പിന്‍വലിച്ചതോടെ താലിബാന്‍ വന്‍ മുന്നേറ്റമാണ് രാജ്യത്ത് നടത്തുന്നത്. 2001ല്‍ താലിബാനെ പരാജയപ്പെടുത്താന്‍ അമേരിക്കയ്‌ക്കും സഖ്യകക്ഷികള്‍ക്കും സാധിച്ച രാജ്യത്തെ വടക്കന്‍ ഭാഗത്താണ് താലിബാന്‍ ശക്തിയായി നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് അമേരിക്കന്‍, നാറ്റോ സഖ്യസേന പൂര്‍ണമായും പിന്മാറിക്കഴിഞ്ഞു. 421 ജില്ലകളും ജില്ലാ കേന്ദ്രങ്ങളുമുളള രാജ്യത്ത് മൂന്നിലൊന്നും ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്.
യുദ്ധം വളരെ പ്രയാസകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അഫ്ഗാനിസ്ഥാനെ പ്രതിരോധിക്കാന്‍ സേനകള്‍ പരമാവധി ശ്രമിക്കുകയാണെന്നും പ്രതിരോധ മന്ത്രി ബിസ്‌മില്ലാ മൊഹമ്മദി പറഞ്ഞു. രാജ്യത്തെ സ്ഥിതി പരിഹരിക്കാന്‍ മദ്ധ്യസ്ഥ ശ്രമത്തിന് തയ്യാറാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം താലിബാനെയും അഫ്ഗാന്‍ സര്‍ക്കാരിനെയും അറിയിച്ചിരുന്നു. കലാപകലുഷിതമായ അഫ്ഗാനില്‍ സമാധാനത്തിനാണ് ഇറാനും താല്‍പര്യം.
നിലവില്‍ താലിബാന്റെ കൈപ്പിടിയിലുളള രാജ്യത്തെ അതിര്‍ത്തി മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തില്‍ പ്രധാനമാണ്. ഖത്തറില്‍ വച്ച് നടന്ന താലിബാന്‍-അഫ്ഗാന്‍ സര്‍ക്കാര്‍ സമാധാനശ്രമം പരാജയപ്പെട്ടതോടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ രാജ്യത്ത് തര്‍ക്കം രൂക്ഷമായത്.



