തിരുവനന്തപുരം: സിപിഎമ്മുമായും പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടലിന്‍റെ പാത സ്വീകരിച്ച കിറ്റക്സ് ഉടമ സാബു ജേക്കബ്ബിന് വധഭീഷണി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കിറ്റക്‌സ് ഉടമ സാബു ജേക്കബ് തന്നെയാണ് ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയ്ക്കിടിയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“എന്‍റെ ജീവന്‍ തന്നെ അപകടത്തിലാണ്. അത് ജനങ്ങളെ അറിയിക്കണം,” അദ്ദേഹം വാര്‍ത്താചാനലിന്‍റെ അവതാരകനോട് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിരിവ് നല്‍കാത്തതിനും ഇഷ്ടക്കാരായ അനര്‍ഹര്‍ക്ക് ജോല നല്‍കാത്തതുമൊക്കെ എന്നെ ഉപദ്രവിക്കാന്‍ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിന് മുഖം നഷ്ടപ്പെടുന്ന സ്ഥിതി വന്നതോടെ മുഖ്യമന്ത്രിയുടെ മുന്‍കയ്യില്‍ ചര്‍ച്ചയാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി പറയുന്നു. എന്നാല്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്താല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സാബു ജേക്കബ്.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ താന്‍ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കിയെന്നും സാബു ജേക്കബ് പറഞ്ഞു. ഇന്ത്യയിലെ 76 നിയമങ്ങള്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 26 വര്‍ഷം 76 നിയമങ്ങള്‍ ലംഘിച്ചാണോ പ്രവര്‍ത്തനം നടത്തിയതെന്ന് സര്‍ക്കാര്‍ പറയണം.3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്നും പിന്‍മാറിയതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്ന അറിയിച്ച്‌ മൂന്നാം ദിവസമാണ് വ്യവസായ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ചക്ക് വന്നതെന്നും സാബു ആരോപിച്ചു.