നൊവാഡാ ∙ സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാൻസ്‌ജെൻഡർ വനിത കാറ്റാലുനാ എൻറിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് യുഎസിലെ സൗന്ദര്യ റാണി മത്സരത്തിൽ മിസ് യുഎസ്എ സൗന്ദര്യ റാണിയാകാൻ ഒരു ട്രാൻസ്‌ജെൻഡർ വനിത യോഗ്യത നേടിയിരിക്കുന്നത്. ഞായറാഴ്ച നടന്ന മത്സരത്തിൽ പങ്കെടുത്ത 21 പേരെയും പിന്നിലാക്കിയാണ് കാറ്റാലുനാ ഒന്നാമത് എത്തിയത്. തന്റെ വിജയം താൻ പ്രതിനിധിധാനം ചെയ്യുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട എല്ലാവരുടെയും വിജയമാണെന്നതിൽ അഭിമാനിക്കുന്നതായി എൻറിക്യൂസ് അറിയിച്ചു .
2016 മുതൽ മൽസരിക്കാൻ തുടങ്ങിയതാണ് എൻറിക്യൂസ്. സ്‌കൂളിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിശ്രമ മുറികൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല എന്ന് എൻറിക്യൂസ് ഒരു അഭിമുഖത്തിൽ പറഞ്ഞു. വേർതിരിവുകൾ അനുഭവിച്ചാണു വളർന്നത്. വെളുത്ത വംശജ അല്ലാത്ത ട്രാൻസ്‌ജെൻഡർ എന്നതിൽ ഇപ്പോൾ അഭിമാനിക്കുന്നു എന്നും, എന്റെ വ്യത്യസ്തതകൾ എന്നെ ഒട്ടും പിന്നിൽ ആക്കുന്നില്ല എന്നും അതെല്ലാം എനിക്ക് എന്നെ വലുതാകാൻ സഹായിച്ചെന്നും എൻറിക്യൂസ് പറഞ്ഞു



