ബെംഗളൂരു: കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബസ്, വിമാനം, ട്രെയിന്‍, ടാക്‌സി, തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളിലൂടെ കര്‍ണാടകയില്‍ പ്രവേശിക്കുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലം വേണമെന്നാണു നിബന്ധന. എന്നാല്‍ കോവിഡ് വാക്‌സീന്റെ രണ്ടു ഡോസുകളും എടുത്തിട്ടുള്ളവരെ ഇതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിമാനത്തിലും ട്രെയിനിലും ബസുകളിലുമെല്ലാം പരിശോധന കര്‍ശനമാക്കി. കേരളത്തില്‍നിന്ന് കര്‍ണാടകയിലേക്കു വരുന്ന എല്ലാ വിമാനങ്ങള്‍ക്കും ഇതു ബാധകമാണ്. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കു മാത്രമേ വിമാനക്കമ്ബനികള്‍ ബോര്‍ഡിങ് പാസുകള്‍ അനുവദിക്കാവൂ എന്നും കര്‍ണാടക ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ പക്കല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് റെയില്‍വേ അധികൃതരും ബസ് യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കര്‍ണാടകയിലേക്കു പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനായി കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, കുടക്, മൈസൂര്‍, ചാമരാജനഗര എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.