കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ്കലക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ പെരിന്തല്‍മണ്ണ സബ് കലക്ടറായെത്തുന്നത്.സിവില്‍ സര്‍വീസിന്റെ ചരിത്രത്തില്‍ കുറിച്യ സമുദായംഗമായ ശ്രീധന്യയുടെ നേട്ടം സുവര്‍ണലിപികളിലാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്.
വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ. കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നും സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2016 ലാണ് ആദ്യമായി ശ്രീധന്യ സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ എഴുതുന്നത്. ആദ്യ തവണ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 2017ലെ ശ്രമത്തില്‍ ധന്യ വിജയം നേടി. 410-ാം റാങ്ക് നേടിയാണ് ധന്യ സിവില്‍ സര്‍വീസ് നേട്ടം കൈവരിക്കുന്നത്.
വടക്കേ വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ ഗ്രാമത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികളായ സുരേഷ് -കമല ദമ്ബതികളുടെ മകളായ ശ്രീധന്യ ഐഎഎസ് എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പഠനത്തില്‍ മുന്നേറിയത്. കുട്ടിക്കാലം മുതല്‍ മകള്‍ ആഗ്രഹിച്ച സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനായി മാതാപിതാക്കള്‍ സര്‍വപിന്തുണയും നല്‍കി കൂടെ നിന്നിരുന്നു.
2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് അഭിമുഖത്തില്‍ ശ്രീധന്യ വ്യക്തമാക്കിയിരുന്നു. ശ്രീധന്യയുടെ ഏക സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്നികില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്.



