കോവിഡ് മഹാമാരിക്കാലത്ത്, ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് . കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഡിജിറ്റല്‍ ഇന്ത്യ പ്രധാന പങ്ക് വഹിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പുതിയ തലമുറ ആണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍, ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ യുവാക്കള്‍ ഡിജിറ്റല്‍ ശാക്തീകരണത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ ഇന്ത്യ ദിനത്തോടനുബന്ധിച്ച്‌ വെര്‍ച്വല്‍ യോഗത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു .