തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി വളര്‍ത്തിയ കിരാത സംഘങ്ങളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ് സ്വര്‍ണ്ണക്കടത്തിനും മറ്റുമുള്ള ക്വട്ടേഷന്‍ സംഘങ്ങളെന്നും ഇവ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം നേതാക്കള്‍ തന്നെ വളര്‍ത്തിയെടുത്തവര്‍ ഇപ്പോള്‍ പാര്‍ട്ടിയെയും ഡി.വൈ.എഫ്.ഐയെയും വെല്ലുവിളിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. കാറ്റുവിതച്ച്‌ കൊടുങ്കാറ്റു കൊയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തുമെന്നും ക്വട്ടേഷന്‍ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നുമുള്ള സി.പി.എം നേതാക്കളുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണെന്നും ചെന്നിത്തല പറഞ്ഞു.

കൊലപാതകികളെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച്‌ സുപ്രീംകോടതി വരെ പോയ പാര്‍ട്ടിയാണ് സി.പി.എം എന്നും കൊലപാതക സംഘങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും നല്‍കുന്ന സംരക്ഷണം നിര്‍ത്താതെ സി.പി.എം ശുദ്ധീകരണത്തെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.