ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ബയോ ബബിൾ ലംഘനം നടത്തിയ താരങ്ങളെയാണ് പുറത്താക്കിയത്. താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെ പുറത്താക്കിയത്. താരങ്ങൾ ഉടൻ തന്നെ ശ്രീലങ്കയിലേക്ക് തിരികെ പോകുമെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഡർഹാമിലാണ് നിലവിൽ ശ്രീലങ്കൻ ടീം അംഗങ്ങൾ ഉള്ളത്. ഹോട്ടലിൽ അല്ലാത്ത മറ്റൊരിടത്ത് ഇരുവരും ഇരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ഇരുവരും ബയോ ബബിൾ ലംഘിച്ചോ എന്നതിനെപ്പറ്റി ഇതുവരെ വ്യക്തതയില്ലെന്നും ടീം മാനേജർ മനുജ കരിയപ്പെരുമ പറഞ്ഞിരുന്നു.
ടി-20 പരമ്പരയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ശ്രീലങ്കയെ തൂത്തുവാരിയിരുന്നു. ആദ്യ ടി-20 8 വിക്കറ്റിനു വിജയിച്ച ഇംഗ്ലണ്ട് രണ്ടാമത്തെ മത്സരത്തിൽ മഴനിയമത്തിൻ്റെ ആനുകൂല്യത്തോടെ അഞ്ച് വിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചു. അവസാന മത്സരത്തിൽ 89 റൺസിന് ശ്രീലങ്കയെ കെട്ടുകെട്ടിച്ചാണ് ആതിഥേയർ പരമ്പര തൂത്തുവാരിയത്.



