ടൊറന്റോ∙മഹാമാരിയുടെ സമയത്തല്ല, സമാധാനകാലത്താണു ഗവേഷണങ്ങൾ നടത്തേണ്ടതെന്നും ഇത്തരം ഗവേഷണങ്ങളുടെ അഭാവമാണ് ആയുർവേദമുൾപ്പെടെയുള്ള സമാന്തര ചികിൽസാരീതികൾക്കു കോവിഡ് പ്രതിരോധത്തിൽ ഫലപ്രദമായ സംഭാവന ചെയ്യാൻ പറ്റാത്തതിന്റെ കാരണമെന്നും കേരള സർക്കാരിന്റെ കോവിഡ് സമിതി അധ്യക്ഷൻ ഡോ. ബി. ഇക്ബാൽ. മെഡിക്കൽ കോളജുകളിലൊന്നും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്ത പല കാര്യങ്ങളും കോവിഡ് സമിതിയിലെ സാന്നിധ്യത്തിലൂടെ മനസിലാക്കാനായെന്നും അടിയന്തരമായി മെഡിക്കൽ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണമെന്ന് വൈസ് ചാൻസലറോട് അഭ്യർഥിച്ചിട്ടുണ്ട്. മൂന്നാംതരംഗത്തിൽ കുട്ടികളുൾപ്പെടെയുള്ളവരെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാൽ പീഡിയാട്രിക് ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾക്കും തുടക്കമായതായും ചങ്ങനാശേരി എസ്ബി കോളജ് അലംനൈ കാനഡ ചാപ്റ്ററിന്റെ ‘കാൻഡിഡ് ടോക്ക്’ പരമ്പരയുടെ ഉദ്ഘാടനപ്രഭാഷണത്തിൽ കേരളവും കോവിഡും എന്ന വിഷയം അവതരിപ്പിച്ച ഡോ. ബി. ഇക്ബാൽ അറിയിച്ചു. പകർച്ചപ്പനിയും കോവിഡും ഒരേപോലെ തടയുന്നതിനുള്ള വാക്സീനാകും ഭാവിയിലുണ്ടാകുകയെന്നാണ് കരുതുന്നതെന്നും സൂചിപ്പിച്ചു.

മരുന്നുണ്ടെന്നു മഹാമാരിയുടെ കാലത്ത് വിളിച്ചുപറഞ്ഞാൽ അതു വിജയിക്കില്ല. പരമ്പരാഗത ചികിൽസാരീതികൾ നേരിടുന്ന പ്രശ്നത്തിന്റെ പൂർണ ഉത്തരവാദികൾ അവർ തന്നെയാണ്. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിക്കുന്നതിന് മുൻകയ്യെടുത്ത ആളെന്ന നിലയിൽ ഇത് പറയാനുള്ള അവകാശം എനിക്കുണ്ട്. നിലവിലുള്ള രോഗങ്ങളും അവയ്ക്കുള്ള മരുന്നുകളും കണക്കിലെടുത്തുവേണം മറ്റു മരുന്നുകൾ ഉപയോഗിക്കേണ്ടത്. ആയിരം പേർക്ക് പ്രതിരോധ മരുന്നു കൊടുത്തപ്പോൾ നൂറ് പേർക്കു രോഗം വന്നില്ല എന്ന തരത്തിലുള്ള അവകാശവാദം ആ ആയിരം പേരിൽ നൂറ് പേർ വെള്ളം കുടിച്ചാൽ അവർക്ക് രോഗം വന്നില്ലെന്നു പറയുന്നതുപോലെയെയുള്ളൂ. ഫലപ്രാപ്തിയെക്കുറിച്ചൊക്കെ ആഴത്തിൽ പഠനം ആവശ്യമാണ്. നിപയും ഓഖിയും പ്രളയവുമെല്ലാമായി വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തെ പഠനകാലമായി മാറ്റിയതിനാലാണു കേരളത്തിനു കൊറോണയെ ഫലപ്രദമായി നേരിടാനായതെന്നും ഡോ. ഇക്ബാൽ ചൂണ്ടിക്കാട്ടി.

“കോവിഡ് മഹാമാരിയുടെ കാലത്തുതന്നെ പ്രതിരോധകുത്തിവയപ് നടത്തുന്നതെന്നതിനാലാണ് രോഗാണുക്കളുടെ വകഭേദങ്ങളും മറ്റും പ്രതിരോധിക്കാനാവാത്തത്. വസൂരിക്കും പോളിയോയ്ക്കും മറ്റും പ്രതിരോധം കണ്ടുപിടിച്ചത് ദീർഘകാലത്തെ ഗവേഷണത്തിലൂടെയാണ്. 70 ശതമാനം ആളുകൾക്കെങ്കിലും വേഗത്തിൽ വാക്സീൻ ലഭ്യമാക്കിയാൽ മാത്രമേ ഗുരുതരപ്രത്യാഘാതങ്ങൾ കുറയ്ക്കാനാവൂ. വാക്സീൻ ലഭ്യത കൂട്ടാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീൻ ഏതാണെങ്കിലും ലഭ്യമാകുന്ന മുറയ്ക്ക് അത് എടുക്കുകയെന്നതാണ് മരണത്തിൽനിന്നും മാരകാമായ രോഗാവസ്ഥയിൽനിന്നും രോഗാണുക്കങ്ങളുടെ വകഭേദങ്ങളിൽനിന്നുമെല്ലാം രക്ഷനേടാനുള്ള മാർഗം. തോന്നയ്ക്കലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയിൽ കൊറോണ ഉൾപ്പെടെയുള്ള രോഗാണുക്കളുടെ ജനിതകഘടനയെക്കുറിച്ച് പഠിക്കുന്നതിനും ഭാവിയിൽ പൂർണതോതിൽ വാക്സീൻ ഉൽപാദിപ്പിക്കുന്നതിനുമുള്ള ശ്രമത്തിലാണ് കേരളം. പരിശോധനാ സൗകര്യങ്ങൾ വർധിക്കുന്നതും സാങ്കേതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഭാവിയിൽ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാകും.

ഒരാളിൽനിന്ന് രണ്ടു മുതൽ നാലു വരെ ആളുകളിലേക്ക് കോവിഡ് പകരാമെന്നതിനാൽ ആൾക്കൂട്ടം അഞ്ചായാലും അൻപതായാലും അഞ്ഞൂറായാലും അപകടകരമാണെന്നു കണ്ടതിനാലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. കാനഡയിലും മറ്റുമെന്നപോലെ മുതിർന്ന പൗരന്മാരുടെ എണ്ണത്തിലും പ്രമേഹവും രക്തസമ്മർദവുമുൾപ്പെടെയുള്ള കാര്യത്തിലും മുൻപന്തിയിലുമായതിനാൽ കേരളത്തിൽ കോവിഡ് വ്യാപനസാധ്യത ഏറെയാണ്. മറുനാടുകളിലേക്കും വിദേശത്തേക്കും അവിടങ്ങളിൽനിന്നു തിരിച്ചുമുള്ള സഞ്ചാരവും വിവിധതരം പകർച്ചവ്യാധികൾക്കു കാരണമാകുന്നു. വിമാനത്താവളത്തിൽതന്നെ കോവിഡ് പരിശോധന ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിതരല്ലെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ട കാര്യമില്ല. വികസ്വര രാജ്യങ്ങളിൽ കോവിഡിനെ ഏറ്റവും വിജയകരമായ നേരിട്ട പ്രദേശമാണ് കേരളം. വർഷങ്ങളായി കേരളം ആരോഗ്യമേഖലയിൽ നേടിയെടുത്ത പുരോഗതിയും അടിസ്ഥാനസൗകര്യ വികസനവുമാണ് ഇതിനു തുണയായത്. രോഗബാധിതരുടെ എണ്ണം നാൽപതിനായിരത്തിലേറെ ആയപ്പോൾപോലും ഒരാൾക്കും ചികിൽസ ലഭ്യമാകാതിരുന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. മികച്ച ചികിൽസാസൗകര്യങ്ങൾ മാത്രമല്ല, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു കിറ്റും ക്ഷേമപെൻഷനുമൊക്കെ യഥാസമയം നൽകിയുമാണ് നമ്മുടെ നാട് കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായത്. കമ്യൂണിറ്റി കിച്ചനുകൾ ഒരുക്കി, അതിഥിതൊഴിലാളികൾക്കുപോലും താമസവും ഭക്ഷണവുമെല്ലാം ഉറപ്പാക്കി.”

ജൈവ ആയുധമെന്ന നിലയിൽ കൊറോണ വൈറസിനെ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്ന പ്രചാരണത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്നും അമേരിക്കയുടെകൂടി ധനസഹായത്തോടെ ചൈനയിലെ വുഹാനിലുള്ള ലാബിൽ ജനിതകഘടനയുമായി ബന്ധപ്പെട്ടു നടക്കുന്ന ഗവേഷണത്തിനിടെ പുറത്തുപോയതാണോയെന്ന സംശയത്തിൽ അന്വേഷണം നടക്കുകയാണെന്നും ഡോ. ബി. ഇക്ബാൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

രണ്ടു വർഷം മാത്രമെ എസ്ബിയിൽ പഠിച്ചിട്ടുള്ളു എങ്കിലും ജീവിതത്തിലെ നല്ല കാര്യങ്ങൾക്കെല്ലാം തുടക്കംകുറിച്ചത് അവിടെനിന്നാണെന്നും ഡോ. ഇക്ബാൽ ഓർമിച്ചു. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രിൻസിപ്പൽ കാളാശേരിഅച്ചൻ സമ്മാനം പ്രഖ്യാപിച്ചതിന്റെ ആവേശത്തിൽ ലൈബ്രറിയിൽനിന്ന് നൂറോളം പുസ്തകങ്ങൾ വായിച്ചത് ഇന്നും പ്രയോജനപ്പെടുന്നു. ‘സമ്മാനത്തിന്റെ കാര്യം പക്ഷേ പ്രിൻസിപ്പലച്ചൻ മറന്നുപോയെങ്കിലും…’ എന്ന പരാമർശം ചിരിപടർത്തി.

കോളജ് പ്രിൻസിപ്പൽ ഫാ. റജി പി. കുര്യൻ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഡോ. ബെന്നി മാത്യു, റവ. ഡോ. ജോസ് ജോർജ് എന്നിവരെ യോഗത്തിൽ അലംനൈ ചാപ്റ്റർ പ്രസിഡന്റ് പ്രഫ. ജോസ് തോമസ് അനുമോദിച്ചു. സെക്രട്ടറി ഡോ. ഏബ്രഹാം ഐസക്, ട്രഷറർ ജിമ്മി വർഗീസ് എന്നിവർ പ്രസംഗിച്ചു. അരുൺ എസ്. നായരായിരുന്നു അവതാരകൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പങ്കെടുത്ത സൂം സംഗമത്തിന് തുടക്കംകുറിച്ചത് എസ്ബി കോളജ് ശതാബ്ദിയോടനുബന്ധിച്ച് മനോരമ ഓൺലൈൻ ഒരുക്കിയ വിഡിയോ പ്രദർശനത്തോടെയായിരുന്നു.