കൊല്ലം: ‘എന്റെ മകള്‍ കൃതിയെ ഓര്‍മയുണ്ടോ? രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് കിടപ്പുമുറിയിലിട്ടു ശ്വാസം മുട്ടിച്ച്‌ കൊന്ന എന്റെ മകള്‍ കൃതി. അന്നു കേരളവും സര്‍‌ക്കാരും പൊലീസും മാധ്യമങ്ങളും പൊതുജനങ്ങളും എനിക്കൊപ്പം നിന്നു. എന്റെ മകളെ കൊന്ന കേസില്‍ പ്രതിയായ വൈശാഖിനെ അറസ്റ്റ് ചെയ്തു..’ എന്നാല്‍ ഇതിനു ശേഷം എന്ത് സംഭവിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കൃതിയുടെ പിതാവ് നടത്തുന്നത്. ഇത് നാളെ വിസ്മയയ്ക്കും ഉത്തരയ്ക്കും അങ്ങനെ പലര്‍ക്കും സംഭവിക്കാമെന്ന ആശങ്കയാണ് ഈ അച്ഛനെ ഇതു തുറന്നുപറയാണ് പ്രേരിപ്പിക്കുന്നത്.

‘വെറും 42 ദിവസം മാത്രമാണ് അവന്‍ ജയിലില്‍ കിടന്നത്. സ്വാധീനം കൊണ്ടും പണം കൊണ്ടും ജാമ്യം നേടി പുറത്തിറങ്ങി. ഇപ്പോള്‍ സ്വതന്ത്രനായി അവന്‍ പുറത്തുണ്ട്. സമ്ബന്നമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ വീണ്ടും കല്യാണം കഴിച്ചു. ജാമ്യത്തിലിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഈ നാട്ടിലെ തന്നെ അത്യാവശ്യം സമ്ബന്നമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിക്ക് ഫെയ്സ്ബുക്കില്‍ റിക്വസ്റ്റ് അയച്ചു. പിന്നാലെ മെസേജ് അയച്ചു. അവര്‍ക്ക് ഇവനെ അറിയാവുന്നത് െകാണ്ട് ആ കുടുംബം എന്നെ ബന്ധപ്പെട്ടു. നിങ്ങളുടെ മകളെ കൊന്നവനല്ലേ ഇവനെന്നു ചോദിച്ചു. അതോടെ ആ കുട്ടിക്ക് മെസേജ് അയക്കുന്നത് നിര്‍ത്തി..’

‘കാശുള്ള കുടുംബത്തിലെ പെണ്‍കുട്ടിയെ തിരഞ്ഞു പിടിച്ചാണ് ഇവന്റെ നീക്കം. ആ പെണ്‍കുട്ടി ഇവന്റെ വാക്കുകളില്‍ വീണു പോയെന്നാണ് ഞാന്‍ അറിഞ്ഞത്. നല്ല രീതിയില്‍ സംസാരിച്ച്‌ ആളുകളെ വീഴ്ത്തും. ഒടുവില്‍ അവര്‍ ഇവന്‍ പറയുന്നതെല്ലാം വിശ്വസിക്കും. ഇവനെ ചോദ്യം ചെയ്യാന്‍ കരുത്തുള്ളവരുടെ വീട്ടില്‍ ഇവന്‍ പോകാറില്ല. ജാമ്യത്തിലിറങ്ങിയ ഇവന്‍ ആ കുട്ടിയെ എങ്ങനെ നിയമപ്രകാരം വിവാഹം കഴിച്ചു എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ആ കുട്ടിയുടെ ആദ്യ വിവാഹം കൂടിയാണിത്.’ പിതാവ് പറയുന്നു.

‘കാശുള്ള വീട്ടിലെ പെണ്‍കുട്ടികളെ പ്രണയിച്ച്‌ പണം കൈക്കലാക്കുന്നതാണ് ഇവന്റെ രീതി. വിവാഹമോചനം നേടി നില്‍ക്കുന്നവര്‍ അടക്കം അങ്ങനെ പലരും ഇവന്റെ ഇരകളായിട്ടുണ്ട്. ഫെയ്സ്ബുക്ക് വഴിയാണ് ഇവന്റെ നീക്കങ്ങള്‍. ഇവന്റെ പേജില്‍ പോയാല്‍ കാണാം ചിത്രങ്ങള്‍. വലിയ ആഡംബരത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. ഏതു പെണ്‍കുട്ടിയെയും വീഴ്ത്താനുള്ള മിടുക്കുമുണ്ട്. ഒന്നോര്‍ത്തു നോക്കൂ. ഇവനെ പോലെയുള്ള ക്രിമിനലുകള്‍ക്ക് എന്ത് ശിക്ഷയാണ് ഇവിടെ ലഭിക്കുന്നത്. ഞാന്‍ ഇപ്പോള്‍ ലക്ഷങ്ങളുടെ കടക്കാരനാണ്. ഞാന്‍ പോലും അറിയാതെ ഞങ്ങളുടെ സ്വത്തുക്കള്‍ ഈടുവച്ചു ലോണ്‍ എടുത്ത് ലക്ഷങ്ങളാണ് ഇവന്‍ നേടിയത്. ഒടുവില്‍ എന്റെ മകളെയും കൊന്നു.’

‘എക്സൈസില്‍ ഉദ്യോസ്ഥനായിരുന്ന ഇവന്റെ അച്ഛനാണ് ഇവനെ തുണയ്ക്കുന്നതെന്ന് അന്നും ഞാന്‍ പറഞ്ഞിരുന്നു. ഇന്നും അത് തന്നെ ആവര്‍ത്തിക്കുന്നു. തുടര്‍നടപടികള്‍ ഇഴഞ്ഞുപോവുകയാണ്. വില കൂടിയ വക്കീലിനെ ഇറക്കി കേസില്‍ നിന്നും രക്ഷപ്പെടും. പണവും സ്വാധീനവുമുണ്ടല്ലോ.’കേസുമായി മുന്നോട്ടുപോയാല്‍ കോടതിക്ക് പുറത്ത് കൈകാര്യം ചെയ്യുമെന്ന് നേരിട്ടല്ലാതെ വൈശാഖ് ഭീഷണിപ്പെടുത്തി. ഇവന് ചില ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന് പറയുന്നു. ഇവനും ഇവന്റെ അച്ഛനും ഇത്തരത്തില്‍ ക്രിമിനലുകളുമായി ബന്ധമുണ്ട്. അവളുടെ സ്വര്‍ണം, സ്വത്തുക്കള്‍ എല്ലാം പണയം വച്ച്‌ 80 ലക്ഷത്തിലേറെ കടം ഉണ്ടാക്കിയിട്ടുണ്ട്.’

‘ഞാന്‍ ഇപ്പോള്‍ ആ കടത്തിന്റെ നടുക്കാണ്. ഇതൊക്കെ ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രിക്ക് ഒരു കത്തും ഞാന്‍ അയച്ചിട്ടുണ്ട്. കൃതിയുടെ നാലര വയസുള്ള കുഞ്ഞ് ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ആ കുഞ്ഞ് ഇപ്പോഴും രാത്രി ഞെട്ടി ഉണര്‍ന്ന് കരയും. അമ്മ മരിച്ച്‌ കിടക്കുന്നത് ആ കുഞ്ഞ് നേരില്‍ കണ്ടതല്ലേ.’ ഇത്രയും പെട്ടെന്ന് അവന്‍ പുറത്തിറങ്ങിയതിന്റെ നടുക്കത്തിലാണ് ഈ പിതാവ്. 42-ാ ദിനം ജാമ്യം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും പൊലീസും സമ്മതിക്കുന്നു. ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

കൃതിയെ 2019ല്‍ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലിട്ടാണ് വൈശാഖ് തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച്‌ കൊന്നത്. പിന്നീട് താന്‍ അല്ല ഇതൊന്നും ചെയ്തത് എന്ന് തെളിയിക്കാന്‍ കൃത്രിമ തെളിവുകളുണ്ടാക്കി. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിന്റെ വാക്കുകളില്‍ കൃതി വിശ്വസിച്ചതിന് ഒടുവില്‍ സ്വന്തം ജീവന്‍ തന്നെ നല്‍‌കേണ്ടി വന്നു. കൃതിയുടെ കൊലപാതകം ആസൂത്രിതമാണെന്നു തന്നെയാണ് പൊലീസ് കണ്ടെത്തല്‍. ശേഷിച്ച സ്വത്തിനുവേണ്ടിയുള്ള വൈശാഖിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ് കൃതിയെ കൊലപെടുത്താന്‍ കാരണം.