ആലപ്പുഴ: കുട്ടനാടന്‍ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണം. വെളളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതി വേണം. സേവ് കുട്ടനാട് കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.

സേവ് കുട്ടനാട് ക്യാമ്പയിന്‍ ഭാരവാഹികള്‍ പ്രതിപക്ഷ നേതാവിന് നിവേദനം നല്കി. സേവ് കുട്ടനാട് ക്യാമ്പയിന്‍ പ്രസിഡന്റ്‌ ജെറി മാമ്മൂടന്‍, വൈസ് പ്രസിഡന്റ്‌ ടോച്ചന്‍ ആലപ്പാട്, സെക്രട്ടറി റിജോ വളവുങ്കല്‍, ജോയിന്റ് സെക്രട്ടറി വിജിത് രാമവര്‍മപുരം, ട്രഷറാര്‍ ജസ്റ്റിന്‍ പീടികപറമ്പില്‍, എന്നിവര്‍ ആണ് പ്രതിപക്ഷ നേതാവിനെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.

കുട്ടനാടിനെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി രാഷ്ട്രീയഭേദമെന്യേ സേവ് കുട്ടനാട് ക്യാമ്പയിനില്‍ കര്‍മനിരതരാകണമെന്നും ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള അഭ്യര്‍ത്ഥിച്ചു.സേവ് കുട്ടനാട് ക്യാമ്പയിന് മാധ്യമങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.കുട്ടനാട്ടുകാര്‍ക്ക് വെള്ളപ്പൊക്കം പുതുമയായിരുന്നില്ല. എന്നാല്‍ വെള്ളത്തിന് മീതെ വള്ളമിറക്കുന്ന ജനതക്ക് ഇത്തവണ ആശങ്കയേറെയാണ്.വേനല്‍ മഴയില്‍ തന്നെ നാട് മുങ്ങിയിരുന്നു.ഇനി ശക്തമായ കാലവര്‍ഷം കൂടി എത്തുമ്പോള്‍ എന്താകുമെന്ന ഭീതിയിലാണ് കുട്ടനാട് നിവാസികള്‍.ഈ ആശങ്കയാണ് സേവ് കുട്ടനാട് എന്ന നവമാധ്യമ ക്യാമ്പയിനിലൂടെ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുന്നത്.

പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തിയും, നിലം നികത്തല്‍ അവസാനിപ്പിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള ഇടപെടല്‍ വേണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു. രണ്ടാം കുട്ടനാട് പാക്കേജ് ശാശ്വത പരിഹാരമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ നവമാധ്യമങ്ങളിലെ കാമ്പയിന്‍ കൂടുതല്‍ ശക്തമാക്കാനാണ് സേവ് കുട്ടനാട് കൂട്ടായ്മയുടെ തീരുമാനം.