ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭര്‍ത്താവിന്റെ ജോലിത്തിരക്കിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍ .സച്ചിന്‍ കുമാറെന്നയാളാണ് മരിച്ചത്. ഭാര്യ ഗുഞ്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഐടി കമ്ബനി ജീവനക്കാരനായ സച്ചിന്‍ എപ്പോഴും തിരക്കാണെന്ന പേരില്‍ ഭാര്യ വഴക്കിടുകയായിരുന്നു. കുടുംബത്തിനായി സമയം മാറ്റിവയ്ക്കുന്നില്ലെന്നായിരുന്നു ഗുഞ്ചന്റെ പരാതി.

കുറ്റപ്പെടുത്തലിനൊടുവില്‍ കത്തിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭാര്യയില്‍ നിന്ന് സച്ചിന്‍ കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കവേ കുത്തേല്‍ക്കുകയായിരുന്നു. 11 വയസ്സുള്ള മകന്‍ എല്ലാത്തിനും സാക്ഷിയായി. ദമ്ബതികള്‍ക്ക് എട്ടു വയസ്സുള്ള മറ്റൊരു മകനുമുണ്ട്.

ബഹളം കേട്ട് വീടിന്റെ മുകളില്‍ കഴിഞ്ഞിരുന്ന സച്ചിന്റെ ഇളയ സഹോദരന്‍ എത്തിയപ്പോള്‍ ജേഷ്ഠനെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.പത്തുവര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.