കോഴിക്കോട് ജില്ലയില്‍ നിന്നും പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്ഥീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമത്തിലെ 26, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടി.

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നല്ലളം ഡീസല്‍ പ്ലാന്റിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. സമാനമായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന്‍്റെ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ റോഡരികില്‍ നിന്നും മാറ്റിയത്.

റോഡുകളിലും തെരുവുകളിലും വാഹനങ്ങള്‍ ദീര്‍ഘകാലം പാര്‍ക്ക് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വെല്ലുവിളിയാണ്. ഇതുകാരണം ജില്ലയില്‍ നിരവധി റോഡപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. വാഹനങ്ങളുടെ ബാറ്ററികള്‍, ടയറുകള്‍, പെയിന്റ്, മറ്റ് ഭാഗങ്ങള്‍ എന്നിവ ക്ഷയിക്കാന്‍ തുടങ്ങുമ്ബോള്‍ പരിസ്ഥിതിക്കും ഹാനികരമാണ്.

റോഡിനു വശങ്ങളിലായി ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ തഹസില്‍ദാര്‍മാര്‍ കണ്ടെത്തണം.

വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്ബ് വിശദമായ മഹസര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കും. പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്. ആവശ്യമായ പോലീസ് സഹായം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദ്ദേശിച്ചു.

പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ലേലം ചെയ്യുവാനാണ് തീരുമാനം. ഫോണ്‍- ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും പൊലീസും എക്‌സൈസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് നടപടി തുടങ്ങിയത്.

സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ പൊതുമരാമത്ത് റോഡുകളിലാണ് വിവിധ വകുപ്പുകള്‍ കേസിന്‍്റെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതല്‍ വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ പല വാഹനങ്ങളുടെയും കോടതി നടപടികള്‍ പൂര്‍ത്തിയായിട്ടും ലേലം ചെയ്യുവാന്‍ കൂട്ടാക്കിയിട്ടുമില്ല. ചില വാഹനങ്ങള്‍ നിയമപ്രശ്നങ്ങള്‍ മൂലം ലേലം ചെയ്യുവാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ലേലം ചെയ്യുവാന്‍ കഴിയുന്ന വാഹനങ്ങള്‍ നിയമപരമായി ലേലം ചെയ്തു നല്‍കിയാല്‍ അതുവഴി സര്‍ക്കാരിന് വലിയ വരുമാനവും ലഭിക്കും.