മുംബൈ: കൊറോണ വൈറസിന്‍റെ ഏറ്റവും വ്യാപനശേഷി കൂടിയ ‘ഡെല്‍റ്റ പ്ലസ്’ വേരിയന്‍റ് സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുള്‍പ്പെടെയുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ആരോഗ്യ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം ഘട്ട വ്യാപനത്തില്‍ ഏകദേശം എട്ട് ലക്ഷം സജീവ രോഗികളുണ്ടാകുമെന്നും അവയില്‍ പത്ത് ശതമാനം കുട്ടികളായേക്കാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഡെല്‍റ്റ അഥവാ ബി.1.617.2 വേരിയന്‍റിന് ജനിതകമാറ്റം ഉണ്ടായാണ് പുതിയ ഡെല്‍റ്റ പ്ലസ് വേരിയന്‍റ് രൂപപ്പെട്ടത്. ഇന്ത്യയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്.
കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനമെന്ന നിലയില്‍ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനാണ് പത്യേക യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമേ ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ, കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പുതിയ തരംഗം ഉണ്ടായാല്‍ സംസ്ഥാനത്തുണ്ടായേക്കാവുന്ന സാഹചര്യങ്ങളും ആരോഗ്യവകുപ്പ് യോഗത്തില്‍ ചിത്രീകരിച്ചു. മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം സജ്ജമാകണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം കൊവിഡ് മരുന്നുകള്‍, കിടക്കകള്‍, മറ്റ് അവശ്യവസ്‌തുക്കള്‍ എന്നിവയുടെ ലഭ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് താക്കറെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പിന്തുടര്‍ന്നില്ലെങ്കില്‍ രണ്ടാം തരംഗത്തില്‍ നിന്ന് പൂര്‍ണമായി കരകയറുന്നതിനുമുമ്ബ് തന്നെ സംസ്ഥാനം മൂന്നാം തരംഗം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.