ഡാലസ് ∙ മാധ്യമപ്രവര്‍ത്തനത്തിനുള്ള പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് രാജ്യാന്തര റിപ്പോര്‍ട്ടിങ് വിഭാഗത്തിൽ മേഘ രാജഗോപാലനും പ്രാദേശിക റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍, നീല്‍ ബേഡിയും അർഹരായതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്സാസ് ചാപ്റ്റർ അഭിനന്ദനംഅറിയിച്ചു. ഇന്ത്യൻ വംശജരാണു ഇരുവരും. ഇന്ത്യൻ അമേരിക്കൻ മാധ്യമപ്രവർത്തകർക്ക് അഭിമാനത്തിന്റെ അനർഘ നിമിഷങ്ങളായിരുന്നു പുലിസ്റ്റർ പുരസ്കാര പ്രഖ്യാപനമെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.

ചൈനയിലെ ഉയിഗുര്‍ മുസ്‌ലിംങ്ങളെ സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന മേഘ രാജഗോപാലിനും, ലോ എന്‍ഫോഴ്സ്മെന്റ് അധികാരികള്‍ നടത്തുന്ന ദുര്‍വ്യവഹാരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനു നീല്‍ ബേദി എഴുതിയ അന്വേഷണ പരമ്പരയ്ക്കുമാണു പുരസ്കാരം..

പുലിസ്റ്റർ പുരസ്കാര ജേതാക്കൾ ഉൾപ്പെടെയുള്ള അമേരിക്കയിലെ പ്രഗത്ഭ ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകർക്ക് അർഹമായ അംഗീകാരം നൽകുന്നതിനും അവരെ ആദരിക്കുന്നതിനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷനൽ കമ്മറ്റി സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പിന്തുണയും സഹകരണവും നോർത്ത് ടെക്സസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ വാഗ്‌ദാനം ചെയ്തു .