ചെന്നൈ: ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നല്‍കാന്‍ ആകെയുണ്ടായിരുന്ന രണ്ടുപവന്‍റെ സ്വര്‍ണമാല ഊരി നല്‍കിയ യുവതിക്ക്​ തമിഴ്​നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ജോലി വാഗ്​ദാനം ചെയ്​തു​.

സ്റ്റാലിന്‍ മേറ്റൂര്‍ ഡാം സന്ദര്‍ശിക്കാന്‍ എത്തിയ വേളയിലാണ്​ ആര്‍. സൗമ്യ മുഖ്യമന്ത്രിക്ക്​ സ്വര്‍ണമാല നല്‍കിയത്​. കമ്ബ്യൂട്ടര്‍ സയന്‍സ്​ എന്‍ജിനിയറിങ്​ ബിരുദദാരിയായ സൗമ്യ ഇതോടൊപ്പം ഒരു ജോലി അപേക്ഷയായി ഒരു കത്തും സമര്‍പിച്ചിരുന്നു.

 

 

മാതാവ്​ ന്യൂമോണിയ ബാധിച്ച്‌​ മരിച്ചതാണെന്നും ആവിന്‍ മില്‍ക്കില്‍ നിന്നും വിരമിച്ച പിതാവിനൊപ്പം വാടകവീട്ടിലാണ്​ താമസിക്കുന്നതെന്നും കത്തില്‍ സൗമ്യ എഴുതി. മാതാവിന്‍റെ ചികിത്സക്കായി അച്ഛന്‍ ജോലിയില്‍ നിന്ന്​ വിരമിച്ചപ്പോള്‍ ലഭിച്ച സമ്ബാദ്യത്തില്‍ നിന്ന്​ കുടുംബം 13 ലക്ഷത്തിലേറെ രൂപ ചെലവാക്കിയതായും അവര്‍ പറഞ്ഞു. രണ്ട്​ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കുക കൂടി ചെയ്​തതോടെ കുടുംബം സാമ്ബത്തിക പ്രതിസന്ധിയിലായി.

പിതാവിന്‍റെ 7000 രൂപ പെന്‍ഷനിലാണ്​ കുടുംബം കഴിഞ്ഞുപോകുന്നത്​. ഇതില്‍ 3000 രൂപ വാടകയായി നല്‍കണം. ബാക്കിയുള്ള 4000 രൂപ വെച്ചാണ്​ തങ്ങള്‍ ഒരുമാസം ജീവിക്കുന്നതെന്നും സൗമ്യ മുഖ്യമന്ത്രിക്ക്​ എഴുതി. കൈവശം പണമില്ലാത്തതതിനാലാണ്​ ദുരിതാശ്വാസ നിധിയിലേക്ക്​ മാല ഊരി നല്‍കിയത്​.

തന്‍റെ അവസ്​ഥ പരിഗണിച്ച്‌​ ഒരു സ്വകാര്യ സ്​ഥാപനത്തിലെങ്കിലും ജോലി തരപ്പെടുത്തി നല്‍കണമെന്നാണ്​ സൗമ്യ അഭ്യര്‍ഥിച്ചത്​. കുടുംബത്തിന്‍റെ അവസ്​ഥ ബോധ്യമായതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നല്‍കുമെന്ന്​ സ്റ്റാലിന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.