പരമ്പരയ്ക്കു മുൻപ് പരിശീലന മത്സരം കളിക്കണമെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അഭ്യർത്ഥന തള്ളി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ശ്രീലങ്ക എ ടീമിനെതിരെ പരിശീലന മത്സരം കളിക്കണമെന്ന അഭ്യർത്ഥനയാണ് തള്ളിയത്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. അടുത്ത മാസം 13 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക.

ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി-20 മത്സരങ്ങളിലുമാണ് ഇന്ത്യ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. 21, 23, 25 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.