ടൊറന്റോ ∙ ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾക്ക് ബ്ലാക്ക് ബോർഡിൽ ഉത്തരമെഴുതിയാകും ചോക്കുമായുള്ള പരിചയമെങ്കിൽ ഉഴപ്പിസ്റ്റുകൾക്ക് സാറുമ്മാരുടെ വക ചോക്കേറാകും പരിചിതം. മിണ്ടാതെ ഒരു മൂലയ്ക്കിക്കാറുള്ള സപ്ന ജേക്കബ് മധ്യവരയിലായിരുന്നതിനാൽ ചോക്കുമായി ചങ്ങാത്തംകൂടുന്നത് മകനെ സന്തോഷിപ്പിക്കുന്നതിന് ഭിത്തിയിൽ പടം വരയ്ക്കാൻ കോപ്പുകൂട്ടുമ്പോഴാണ്. അതാകട്ടെ സപ്നയെ എത്തിച്ചത് വരകളുടെ സ്വപ്നലോകത്തും. പൊതുസ്ഥലങ്ങളിലും മതിലുകളിലും മറ്റും കോറിയിടുന്നതാണ് ഗ്രഫിറ്റിയെങ്കിൽ സ്വന്തം വീട്ടിലെ ഭിത്തിയാണ് ചോക്ക്ചിത്ര കലയ്ക്കായി സപ്ന ഒരുക്കിയെടുത്തിരിക്കുന്നത്. നിറങ്ങളും വരകളും ഫൊട്ടോഗ്രഫിയുമെല്ലാം സമന്വയിപ്പിക്കുന്ന ആ കരവിരുതിലൂടെ കണ്ണൂർ ആലക്കോട് കാർത്തികപുരംകാരിയായ സപ്ന കാനഡയിലെ വിറ്റ്ബിയിൽ ഇരുന്ന് ലോകമെമ്പാടുമുള്ള കലാപ്രേമികളെയും വരകാരെയുമൊക്കെ വിസ്മയിപ്പിക്കുന്നു.

ചാക്കോ കടക്കുഴയുടെയും മേരിയുടെയും മകളും മുന്നാർ കുഞ്ചിത്തണ്ണി പുല്ലുവെട്ടത്ത് വിമൽ കുര്യന്റെ ഭാര്യയുമായ സപ്ന പഠനവും തൊഴിലുംകൊണ്ട് ഫാഷൻ ഡിസൈനറാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് പരിശീലനം പൂർത്തിയാക്കി ചെന്നൈയിൽ വസ്ത്രമേഖലയിൽ ജോലി ചെയ്തു. പതിനൊന്ന് വർഷം മുൻപായിരുന്നു കാനഡ കുടിയേറ്റം. ഇവിടെ നേച്ചർ റൂട്സ് എന്ന പേരിൽ കുട്ടികൾക്കായുള്ള ഓർഗാനിക് തുണിത്തരങ്ങളുടെ കളക്ഷൻ അവതരിപ്പിച്ചു. യുഎസ്സിലും കാനഡയിലുമായി വിപണി കണ്ടെത്തിയിരുന്നെങ്കിലും നടത്തിപ്പുച്ചെലവ് താങ്ങാനാകാതെ മറ്റു വഴി തേടുകയായിരുന്നു. അങ്ങനെ ഫർണിച്ചർ റീഫിനിഷിങ്ങിൽ കൈവച്ചു. പഴയ വീട്ടുപകരണങ്ങളും മറ്റും വാങ്ങി നുറുക്കുപണി നടത്തിയും രൂപം മാറ്റിയും മിനുക്കിയെടുത്തും ഓൺലൈനിൽ ആവശ്യക്കാരെ കണ്ടെത്തി. കുട്ടുകാർക്കായി ഹോംസ്റ്റേജിങ്ങിലും സജീവമായി. പലതും പരീക്ഷിക്കുമ്പോഴും ചിത്രത്തുന്നൽ കൈമോശം വന്നിരുന്നില്ല. കൊറോണക്കാലത്ത് എംബ്രോയ്ഡയറി ചെയ്ത മാസ്ക് കുറെ വിൽക്കാനായി. കുടിയേറ്റഭൂമി മാറിയിട്ടും പച്ചക്കറിത്തോട്ടത്തോടുള്ള ഇഷ്ടവും കൈവിട്ടില്ല. വേനൽക്കാലത്ത് ഇവരുടെ പുരയിടത്തിൽ വെണ്ടയും വഴുതനങ്ങളും തക്കാളിയും പയറുമൊക്കെ സുലഭം.

തുണിയിൽ വിസ്മയം തീർത്തിരുന്ന ഈ ഫാഷൻ ഡിസൈനർക്ക് ചോക്ക് ആർട് ആണ് ഇപ്പോഴത്തെ പാഷൻ. അതിനു ഭിത്തിയൊരുക്കതിയതാകട്ടെ മൂന്നാം ക്ലാസുകാരനായ മകൻ ധ്യാൻ കുര്യനെ സന്തോഷിപ്പിക്കാനുള്ള ആലോചനകളും. അതുവരെ റെക്കോർഡ് ബുക്കിലല്ലാതെ ഒരു വരപോലും വരച്ചിട്ടില്ലെന്നും ക്യാമറ അബദ്ധത്തിനുപോലും ക്ലിക്ക് ചെയ്തിട്ടില്ലെന്നുമാണ് സപ്ന പറയുന്നത്. നാലു വർഷം മുൻപ് വീട് വെള്ളപൂശി മോടിപിടിപ്പിച്ചു. മകന് വരയ്ക്കാൻ പാകത്തിനു ഒരു ചുവരൊരുക്കി, ബ്ലാക്ക്ബോർഡ്. പക്ഷേ അതിൽ വരച്ചുപഠിച്ചുതുടങ്ങിയത് സപ്നയാണ്. 2018ലെ ക്രിസ്മസിന് ധ്യാനിന് ലഭിച്ച സമ്മാനം റെയിൻഡീറിൽ പറന്നെത്തുന്ന സാന്റയും തന്റെ പ്രിയപ്പെട്ട ട്രക്കുമായിരുന്നു. പക്ഷേ അതു ഭിത്തിയിലായിരുന്നെന്നു മാത്രം. അങ്ങനെ ക്രിസ്മസ് ആർടിൽ ഹരിശ്രീകുറിച്ച സപ്ന പിന്നീട് വരച്ചുകൂട്ടിയതെല്ലാം സാമൂഹികമാധ്യമങ്ങളിലും നിറയുന്നു.

തുണിത്തരങ്ങളിലെ വിസ്മയത്തിനായി ഫോട്ടോഷോപ്പ് പഠിച്ചിരുന്നു. ഫോട്ടോ എടുക്കാൻ വിമലിന്റെ സഹായവും ലഭിച്ചു. പരീക്ഷണം ആ വഴിക്കായി. അങ്ങനെയാണ് വരകളും ചിത്രങ്ങളും സമന്വയിപ്പിച്ചുള്ള വിസ്മയങ്ങളിലൂടെ ചോക്ക് ആർട്ടിനെ സപ്ന പുതിയ തലങ്ങളിലെത്തിച്ചത്. ഒരു ഡോളർ പാക്കറ്റിലെ ആറ് കളറുകളുടെ പന്ത്രണ്ട് ചോക്കുകളുമായിട്ടായിരുന്നു അരങ്ങേറ്റം. ഇപ്പോ പലതരം ചോക്കുകളായി. മനസിൽ നിറയുന്ന നിറമനുസരിച്ചാണ് പ്രോജക്ട്. കാല് എവിടെ വരണം, കൈ എവിടെ വരണം എന്നെതൊക്കെ ആലോചിച്ചുവേണം ചോക്കുകൊണ്ടുള്ള വരയ്ക്കാൻ. അതുംകഴിഞ്ഞ് മോഡലുകളുടെ പടവുമെടുത്തിട്ടുവേണം സപ്നവിദ്യ പൂർത്തിയാക്കാൻ. അതുപോലെ തന്നെ വരയിലെ കഥാപാത്രങ്ങളുടെ പടമുള്ള വേഷമല്ല, കഥാപാത്രങ്ങളുടെ വേഷമാണ് ചോക്ക്കൂട്ടിൽ ഒരുക്കുന്നത്. മോഡലിങ്ങിനായി വരുന്ന കുട്ടികളുടെ വസ്ത്രത്തെ ആസ്പദമാക്കിയാകും വര. അല്ലാതെ വരയ്ക്കായി കുട്ടികളെക്കൊണ്ട് കോസ്റ്റ്യും വാങ്ങിപ്പിക്കാറില്ല. അസാധാരണമായ കലാവൈഭവമാണ് ഇക്കാര്യത്തിൽ സപ്ന കാട്ടുന്നത്. അതുകൊണ്ടുതന്നെ മനോഹരമായ ഈ ചിത്രങ്ങൾ മായ്ക്കാൻ എങ്ങനെ മനസുവരുന്നു എന്ന ചോദ്യങ്ങളും പതിവാണ്.

കൂണുകൾക്കടിയിൽ നിൽക്കുന്ന ബാലന്റെ ചിത്രമായിരുന്നു ഹിറ്റുകളിലൊന്ന്. വലുതും ചെറുതുമായ മൂന്നു കൂണുകൾ ഭിത്തിയിൽ ആദ്യം വരച്ചു. ധ്യാനിനെ ചേർത്തുനിർത്തി ഒരു പടവുമെടുത്തു. ഫോട്ടോഷോപ്പ് പോലും ഉപയോഗിച്ചില്ല. മഴയിൽനിന്നു രക്ഷനേടാൻ ഒരു വലിയ കൂണിനു കീഴെ, കുടക്കീഴിലെന്നപോലെ നിൽക്കുന്ന പയ്യന്റെ ചിത്രത്തിന്റെ ഈ പിറവിയോടെയാണ് സപ്നയുടെയും വരതെളിഞ്ഞത്. പരീക്ഷണം അവിടംകൊണ്ടു തീർന്നില്ല. പേപ്പർ വിമാനവും മേഘങ്ങളും ഭിത്തിയിൽ തെളിഞ്ഞു. ഇതിന്റെയും ധ്യാനിന്റെയും ഒരു ചിത്രമെടുത്തു. ധ്യാനിനെ കട്ടൗട്ട് ചെയ്തു വിമാനത്തിൽ ഇരുപ്പുറപ്പിച്ചു. വിമാനത്തിന്റെ ദിശയനുസരിച്ചു ധ്യാനിന്റെ മുടി ഫാൻ കറക്കി പിന്നിലേക്കു പറത്തി. വീട്ടുകാരി വരയിലും ഫോട്ടോയിലും ഫോട്ടോഷോപ്പിലുമായി തീർത്ത കലാവിദ്യകണ്ട് വിമൽപ്പോലും അന്തംവിട്ടു.

അങ്ങനെ പലഹാരപ്പെട്ടിയും മുയലുകളും ഒക്കെയായി ചെറിയവധിയും ഓണവും ക്രിസ്മസുമൊക്കെയായി കലാപൂരങ്ങൾ തുടർന്നു. കാര്യമായി കൂട്ടുകളില്ലാത്ത സപ്ന കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ നേരം സ്റ്റോപ്പിൽ കൂട്ടംകൂടിനിൽക്കുന്ന അമ്മമാരുമായി മെല്ലെ ചങ്ങാത്തംകൂടി. മെല്ലമെല്ലെ ഈ വരവിരുതുകളൊക്കെ അവരെ കാണിച്ചപ്പോൾ കൂട്ടുകാരികളും പ്രോൽസാഹിപ്പിച്ചു. സപ്നയുടെ മനസിലൊരു ലഡുപൊട്ടി. ഈ അമ്മമാരുടെ മക്കളെ മോഡലുകളാക്കാനുള്ള സ്വപ്നത്തിലേക്കാണ് അതു വഴിതെളിച്ചത്. അങ്ങനെ കാട്ടിലും നാട്ടിലും വെള്ളത്തിലും കരയിലുമൊക്കെ ഇരിക്കാനും ചിത്രശലഭങ്ങളാകാനുമൊക്കെ ഒക്കെ മോഡലുകളെയും കിട്ടി. ജർമനിക്കാരായ മുത്തച്ഛനെയും മുത്തശിയെയും വരെ മോഡലുകളാക്കി. അഭിനന്ദനങ്ങളും ആത്മവിശ്വാസവും കൂടിയതോടെ ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ പടങ്ങൾ പോസ്റ്റ് ചെയ്തുതുടങ്ങി. കൂട്ടുകാർ കുറവായതിനാൽ ആദ്യമൊക്കെ ലൈക്കുകളും കുറവായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായിരുന്നു ആരാധകർ. ജിഎൻപിസി മലയാളികളുടെ ഗ്രൂപ്പിലൊരു ചിത്രമിട്ടതോടെ സാധാരണ ലഭിക്കാറുള്ള പത്ത് നാൽപത് ലൈക്കുകൾ കടന്ന് നാൽപതിനായിരത്തിലേറെയായി.