മുംബൈ: രാജ്യം കോവിഡിനെതിരെ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയാവണമെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി.

ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത,ജസ്റ്റിസ് ജിഎസ് കുല്‍ക്കര്‍ണി എന്നിവിരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.

വാക്‌സിന്‍ വിതരണത്തിലെ മെല്ലപ്പോക്ക് നയത്തെ വിമര്‍ശിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ അവ വൈകിയാണ് ജനങ്ങളിലേക്ക് എത്തുന്നത്. നിരവധി ജനങ്ങള്‍ക്ക് ജീവന്‍ വരെ നഷ്ടമാവുകയാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

‘കൊറോണ വൈറസ് ആണ് നമ്മുടെ ഏറ്റവും വലിയ ശത്രു. അതിനെ നാം നേരിടണം. ശത്രുക്കള്‍ ചിലയിടങ്ങളില്‍ തമ്ബടിച്ചിരിക്കുകയാണ്. ചിലര്‍ക്ക് അവിടെ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ല. നിങ്ങളുടെ(സര്‍ക്കാരിന്റെ)പോരാട്ടം സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയാവണം.

നിങ്ങള്‍ അതിര്‍ത്തിയില്‍ നിന്നുകൊണ്ട് ശത്രു നിങ്ങള്‍ക്കരികിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ശത്രുക്കളുടെ പാളയത്തിലേക്ക് കടന്നുചെല്ലുന്നില്ല.’ ചീഫ് ജസ്റ്റിസ് ദത്ത പറഞ്ഞു.

75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശ നല്‍കണമെന്നാവശ്യപ്പെട്ട് ദ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നീ അഭിഭാഷകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലാണ് കോടതിയുടെ നിരീക്ഷണം.