മുംബയ്: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫവിപിരവിറിന്റെ വ്യാജമരുന്നുകള്‍ നി‌ര്‍മ്മിച്ചതിനും വിതരണം ചെയ്തതിനും ഒരാളെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ഒരു മരുന്ന് നിര്‍മ്മാണശാലയിലെ ജീവനക്കാരനായ സന്ദീപ് മിശ്രയാണ് പിടിയിലായത്. വ്യാജ കൊവിഡ് മരുന്നുകളുടെ നിര്‍മ്മാണവും വില്‍പനയുമായി ബന്ധപ്പെട്ട് ഇതുവരെയായി മൂന്ന് പേരെ മുംബയ് പൊലീസ് പിടിക്കൂടിയിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം മുംബയില്‍ നടത്തിയ റെയ്ഡില്‍ ഒന്നരകോടി രൂപ വിലവരുന്ന ഫവിമാക്സ് 400, ഫവിമാക്സ് 200, ഹൈഡ്രോക്സി ക്ളോറോക്വിന്‍ എന്നീ മരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തുകയായിരുന്നു. ഈ മരുന്നുകളുടെ പിറകില്‍ കണ്ട മാക്സ് റിലീഫ് എന്ന മരുന്നുകമ്ബനിയുടെ വേരുകള്‍ തപ്പി പോയപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്നത്.

റെക്കാഡുകള്‍ അനുസരിച്ച്‌ ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുകയായിരുന്ന മരുന്നു കമ്ബനിയെ കുറിച്ച്‌ അവിടുത്തെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് അങ്ങനെ ഒരു കമ്ബനി അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് മുംബയിലെ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത്. കൂടുതല്‍ അന്വേഷണത്തില്‍ മാക്സ് റിലീഫിന്റെ നോയി‌ഡയിലെ ഫാക്ടറിയില്‍ ഉണ്ടാക്കുന്ന വ്യാജ മരുന്നുകള്‍ വളരെകാലമായി മഹാരാഷ്ട്രയിലുടനീളം വില്‍ക്കുന്നതായി കണ്ടെത്തി.

മേയ് 30ന് മാക്സ് റിലീഫിന്റെ ഉടമയായ സുധീപ് മുഖര്‍ജി ഫുഡ് ആന്‍ഡ് ഡ്രഗ്സ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാവുകയും കമ്ബനിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ സമ‌ര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ ആ രേഖകള്‍ എല്ലാം വ്യാജമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത പൊലീസ് ഉത്തര്‍പ്രദേശിലെ മീറത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും സുധീപ് മുഖര്‍ജിക്ക് മരുന്നുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന സന്ദീപ് മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.