ഹൈദരാബാദ്: മകള്‍ പിറന്ന സന്തോഷത്തില്‍ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ നവീന്‍ എന്ന യുവാവ് നാട്ടുകാര്‍ക്ക് സൗജന്യമായി പച്ചക്കറികള്‍ വിതരണം ചെയ്ത് മാതൃകയായി.
കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനിടെയാണ് നിരവധി പേര്‍ക്ക് ആശ്വാസമായി നവീന്റെ പച്ചക്കറി കിറ്റ് എത്തിയത്.
നംഗാനുരു മണ്ഡലത്തിലെ ഖാനാപൂര്‍ എന്ന ഗ്രാമത്തിലാണ് നവീന്‍ താമസിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ അവസരം ഗ്രാമീണരുമായി പങ്കിടാന്‍ ഇതിലും മികച്ച മറ്റൊരു മാര്‍ഗമില്ലെന്ന് നവീന്‍ പറയുന്നു. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് 40 പേര്‍ക്ക് മാത്രമായി വിരുന്ന് നല്‍കുന്നതിന് പകരം വിവിധയിനം പച്ചക്കറികള്‍ വാങ്ങി ഗ്രാമത്തിലെ മുന്നൂറോളം കുടുംബങ്ങള്‍ക്കാണ് പച്ചക്കറികള്‍ വിതരണം ചെയ്തത്. നാലോ അഞ്ചോ ദിവസത്തേക്ക് എല്ലാ ഗ്രാമീണര്‍ക്കും ആവശ്യമായ അഞ്ച് തരം പച്ചക്കറികളാണ് നവീന്‍ വിതരണം ചെയ്തത്.
കൊറോണ പ്രതിസന്ധികളും ലോക്ക്ഡൗണ്‍ ദുരിതങ്ങളും നേരിടുന്ന ഗ്രാമീണരെ സഹായിക്കുന്നതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവീന്‍ പറയുന്നു. ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചതില്‍ വളരെ സന്തോഷവാനാണ് നവീന്‍. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.



