മുംബൈ: കോവിഡ് അനുബന്ധ ചികിത്സകള്‍ക്കായി വ്യക്തികള്‍ക്ക് അഞ്ചുലക്ഷം രൂപവരെ അടിയന്തര വായ്പ നല്‍കു​ന്ന നടപടിക്ക് തുടക്കമായി. ശമ്ബളം വാങ്ങുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 25,000 രൂപ മുതല്‍ പരമാവധി അഞ്ചുലക്ഷം വരെ ലഭിക്കും. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കിത്തുടങ്ങിയതായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ.) പറയുന്നു.

കോവിഡ് പ്രതിസന്ധി നേരിടാന്‍ നല്‍കുന്ന വായ്പയ്ക്ക് അഞ്ചുവര്‍ഷമാണ് കാലാവധി. തിരിച്ചടവില്‍ ഓരോബാങ്കിലും വ്യത്യസ്തമായ പലിശനിരക്ക് ആയിരിക്കും. എസ്ബിഐയില്‍ മാത്രം 8.5 ശതമാനമാകും പലിശ. കോവിഡ് വായ്പകള്‍ക്ക് മുന്‍ഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് ഐ.ബി.എ. ചെയര്‍മാന്‍ രാജ് കിരണ്‍ റായ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചഎമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്കീമില്‍ (ഇ.സി.എല്‍.ജി.എസ്.) ഉള്‍പ്പെടുത്തി ആശുപത്രികള്‍ക്കും നഴ്സിങ് ഹോമുകള്‍ക്കും ഓക്സിജന്‍ പ്ലാന്റും വൈദ്യുതി ബാക്കപ്പ് സംവിധാനവും ഒരുക്കുന്നതിന് രണ്ടുകോടി രൂപവരെ അടിയന്തര ബിസിനസ് വായ്പയായി അനുവദിക്കും. ആരോഗ്യമേഖലയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, പതോളജി ലാബുകള്‍ തുടങ്ങിയവയ്ക്ക് വായ്പകള്‍ നല്‍കും. 7.5 ശതമാനം നിരക്കിലുള്ള ഈ വായ്പ അഞ്ചുവര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.

ഓക്സിജന്‍ പ്ലാന്റിനായി രണ്ടുകോടി വായ്പയും നല്‍കും. മെട്രോ നഗരങ്ങളില്‍ പരമാവധി 100 കോടിയും ടയര്‍-1 നഗരങ്ങളില്‍ 20 കോടിയും ടയര്‍-2 മുതല്‍ ടയര്‍ നാല് വരെയുള്ള കേന്ദ്രങ്ങളില്‍ പത്തുകോടി രൂപ വരെയുമാണ് വായ്പ അനുവദിക്കുക. കുറഞ്ഞ പലിശ നിരക്കില്‍ പത്തുവര്‍ഷ കാലാവധിയില്‍ ഉള്ളതാണ് ഈ വായ്പകള്‍. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ 25 കോടി രൂപ വരെയുള്ള വായ്പകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം പുനഃക്രമീകരിക്കുന്നതിന് നടപടി തുടങ്ങിയതായി എസ്.ബി.ഐ. ചെയര്‍മാന്‍അറിയിച്ചു.

പത്തുലക്ഷം രൂപ വരെയുള്ള വായ്പകള്‍, പത്തുലക്ഷം മുതല്‍ പത്തുകോടി രൂപ വരെയുള്ള വായ്പകള്‍, അതിനു മുകളിലുള്ള വായ്പകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചായിരിക്കും നടപടികള്‍. പുനഃക്രമീകരണത്തിന് അര്‍ഹരായവരുടെ പട്ടിക ബാങ്ക് ശാഖകള്‍ക്ക് നല്‍കും. ഉപഭോക്താക്കളെ എസ്.എം.എസ്. മുഖേനയും വിവരമറിയിക്കും. അപേക്ഷാ ഫോമും അപേക്ഷിക്കേണ്ട രീതിയും ബാങ്കുകളുടെ വെബ്സൈറ്റുകളില്‍ ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുലക്ഷം കോടി രൂപയുടെ ഗാരന്റീഡ് വായ്പാ പദ്ധതിയില്‍ (ഇ.സി.എല്‍.ജി.എസ്.) വ്യോമയാന മേഖലയെക്കൂടി ഉള്‍പ്പെടുത്തി.