ഗാർലാൻഡ് (ഡാലസ്) ∙ കേരളത്തിനായി ഡാലസ് കേരള അസോസിയേഷൻ നടത്തുന്ന വാക്‌സീൻ സഹായനിധി സമാഹരണം മേയ്‌ 31ന് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ വലിയ ബുദ്ധിമുട്ടുകളായിരുന്നു നേരിട്ടിരുന്നത്. കോവിഡിനെ നേരിടാൻ ഫലപ്രദമായ മാർഗം വാക്സീൻ നൽകുക എന്നതാണ്. കേരളത്തിൽ വാക്സീന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സമയത്താണ് വാക്സീൻ ചലഞ്ച് എന്ന ആശയം ഉയരുന്നത്. ഇതിനൊപ്പം നിൽക്കുകയാണ് ഡാലസ് കേരള അസോസിയേഷനും.

കേരള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭാവനകൾ പ്രവഹിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ലഭിക്കുന്ന മുഴുവൻ തുകയുടെയും കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് . കോവിഡ് വാക്‌സീൻ പൂർണ്ണമായും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്. ഇത് കേരളത്തിലെ സർക്കാരിനെയും ജനങ്ങളെയും ഒരു പോലെ ബുദ്ധി മുട്ടിലാക്കിയിരിക്കുന്നു

ലോകത്തിലെ മറ്റെല്ലാം രാജ്യങ്ങളും സൗജന്യമായി വാക്‌സീൻ സ്വന്തം ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുമ്പോൾ ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയല്ലെന്നുള്ള കേരള സർക്കാരിന്റെ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കേരള സർക്കാരിന്റെ ഈ തീരുമാനത്തോട് ലോകത്തിലെ എല്ലാ മലയാളി സമൂഹവും കൂട്ടായ്മയും സഹായിക്കാനും സഹകരിക്കുവാനും മുന്നോട്ടു വന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ടതാണെന്ന് കേരള അസോസിയേഷനും വിശ്വസിക്കുന്നു.

ഡാലസ് ഫോട്ടവർത്തിലെ എല്ലാ മലയാളി കുടുംബങ്ങളും ഈ സഹായനിധിലേക്ക് ഉദാര സംഭാവന ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഈ ഫണ്ട്‌ കളക്ഷൻ മേയ്‌ ഒന്നിന് ആരംഭിച്ച് മേയ്‌ 31ന് അവസാനിപ്പിക്കുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ലഭിച്ച ഫണ്ടിന്റെ പൂർണ്ണ വിവരങ്ങൾ കഴിഞ്ഞകാലങ്ങളിലെ പോലെ കൈരളിയിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. സഹായ നിധി കോർഡിനേറ്റ് ചെയ്യുവാൻ ഐ. വർഗീസിനെ യോഗം ചുമതലപെടുത്തിയിട്ടുണ്ട്. അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ, ഐസിഇസി സെക്രട്ടറി ജോസ് ഓച്ചാലിൽ എന്നിവർ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു.

സംഭാവന അയക്കേണ്ട വിലാസം: Kerala Association of Dallas,3821 Broadway Blvd, Garland, TX 75043.