ന്യൂയോർക്ക് ∙ കേരളത്തിൽ കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, യുഎസിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക(ഫോമ)യുടെ സഹായത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങൾ ഉള്ള രണ്ടു വെന്റിലേറ്ററുകൾ വീതം എത്തിക്കുന്നു. വരും ദിവസങ്ങളിൽ അവ യുഎസിൽ നിന്ന് എത്തിച്ചേരും. നിലവിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ ആവശ്യമില്ലാത്ത സാഹചര്യത്തിലാണ് നൂതനസാങ്കേതിക വിദ്യയുളള, കോവിഡിനു ശേഷവും ആശുപത്രികളിൽ ഉപയോഗിക്കാവുന്ന തരത്തിലുളള വെന്റിലേറ്റുകൾ കേരളത്തിനായി നൽകുന്നതെന്നു ഫോമ പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാത്തരം രോഗികൾക്കും ഉപയോഗിക്കാവുന്ന വെന്റിലേറ്ററുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.