ന്യൂഡല്‍ഹി: പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വവ്വാലിനെ കണ്ടെത്തി.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നൊവാര്‍ക്കിലേക്ക് പറന്ന വിമാനമാണ് അരമണിക്കൂറിന് ശേഷം തിരികെ ഡല്‍ഹിയില്‍ തന്നെ ഇറക്കിയത്.

ബിസിനസ് ക്ലാസില്‍ സീറ്റിനു സമീപം ചത്ത നിലയിലാണ് വവ്വാലിനെ കണ്ടെത്തിയത്. വിമാനം പറന്ന ശേഷമാണ് വവ്വാലിനെ കണ്ടെത്തിയത്.

ഇതോടെ പൈലറ്റ് വിമാനം തിരിച്ച്‌ ഡല്‍ഹിയില്‍ തന്നെ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിമാനം താഴെയിറക്കി അണുവിമുക്തമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നൊവാര്‍ക്കില്‍ എത്തിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കാറ്ററിങ്ങിനുള്ള ലോഡിങ് വാഹനങ്ങളില്‍ നിന്നാണ് എലികളും വവ്വാലുകളും വിമാനത്തിനുള്ളില്‍ വരാറുള്ളതെന്നും അത്തരം വാഹനങ്ങളില്‍നിന്ന് വവ്വാല്‍ കയറിയതാകാമെന്നും അധികൃതര്‍ പറഞ്ഞു.