തിരുവനന്തപുരം: ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും സംസ്ഥാനത്ത് ക്ഷാമം നേരിട്ടുതുടങ്ങി. ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വിലയിലും നല്‍കാനാകില്ലെന്ന് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍ അറിയിച്ചു. സര്‍ക്കാരിന് ഉപകരണ നിര്‍മാതാക്കളും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷനും ഇവയുടെ വില കൂട്ടണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കി.
നിലവാരമുളള പിപിഇ കിറ്റ് 70 ജി എസ് എം മുതല്‍ 90 ജി എസ് എം വരെ ഉള്ളതാണ്. ഡോക്ടര്‍മാരടക്കം ഉപയോഗിക്കുന്നതും ഇതായിരുന്നു. ഈ തരം പിപിഇ കിറ്റ് ഇപ്പോള്‍ . സര്‍ക്കാരിന്റെ വില നിയന്ത്രണം വന്നതിന് ശേഷം ലഭിക്കാനില്ല. കൂടാതെ വിതരണക്കാരുടെ കയ്യിലുള്ള സ്റ്റോക്ക് കൂടി തീര്‍ന്നാല്‍ ഇവയുടെ ക്ഷാമം കൂടി ഉണ്ടാകും.
അസംസ്കൃത വസ്തുക്കക്കള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തേണ്ടത്. പിപിഇ കിറ്റും മാസ്കുകളും നിര്‍മിക്കാനാവശ്യമായവയാണ് ഇത്. എണ്‍പത് ശതമാനമാണ് ഇപ്പോള്‍ ഇവയുടെ വില കൂടിയത്. അതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വിലയില്‍ മാസ്കും പിപിഇ കിറ്റും നല്‍കാനാവില്ലെന്നാണ് ഉപകരണ നിര്‍മ്മാതാക്കള്‍ പറയുന്നത്.



