യമുന എക്‌സ്പ്രസ്‌വേയില്‍ പരിശീലന വിമാനം അടിയന്തരമായി ഇടിച്ചിറക്കി. സാങ്കേതിക തകരാറ് നേരിട്ടതിനെ തുടര്‍ന്നായിരുന്നു വിമാനം അതിവേഗപാതയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.

രണ്ടു പേര്‍ക്കുമാത്രം ഇരിക്കാവുന്ന സെസ്‌ന-152 പരിശീലന വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് എക്‌സ്പ്രസ്‌വേയില്‍ ഇറക്കിയത്. പാതയിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. പരിശീലകനും ട്രെയിനി പൈലറ്റും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

ഹരിയാനയിലെ നാര്‍നോലില്‍നിന്ന് അലിഗഡിലേക്ക് തിരിച്ചതായിരുന്നു വിമാനം. ഉച്ചയ്ക്ക് 1.15ഓടെ സാങ്കേതിക തടസം നേരിട്ടപ്പോള്‍ യമുന എക്‌സ്പ്രസ്‌വേയിലെ 72-ാം നാഴികക്കല്ലിനു പരിസരത്ത് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ തടിച്ചുകൂടി. ഇതിനിടെ പൊലീസെത്തി ആളുകളെ ഇവിടെനിന്ന് ഒഴിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് എക്‌സ്പ്രസ്‌വേയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

അലിഗഡിലെ ഒരു സ്വകാര്യ കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. നേരത്തെ, ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ സൈനിക വിമാനങ്ങളിറക്കിയിരുന്നു. അടിയന്തര ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥമായിരുന്നു ഇത്.