സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അഡാർ പൂനവാലയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തണമെന്ന ഹർജിയിൽ മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട് തേടി ബോംബെ ഹൈക്കോടതി. രാജ്യാന്തര പ്രതിഫലനങ്ങൾ ഉണ്ടാക്കുന്ന ഹർജിയാണ് ഇതെന്നും, രാജ്യാന്തര സമൂഹത്തിന് മുന്നിൽ രാജ്യം അനുഭവിക്കുന്ന സൽപ്പേരിന് കളങ്കമുണ്ടായേക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അഡാർ പൂനവാല മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ലണ്ടനിൽ ഇടവേളയ്ക്കായി പോയെന്നാണ് മനസിലാക്കുന്നതെന്നും ജസ്റ്റിസ് എസ്എസ് ഷിൻഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അധികാര കേന്ദ്രങ്ങളിൽ നിന്ന് അഡാർ പൂനവാലയ്ക്ക് നേരെ ഭീഷണി ഉയരുന്നുവെന്നാണ് ഹർജിക്കാരനായ അഡ്വ. ദത്ത മനേയുടെ വാദം. ഹർജി ജൂൺ ഒന്നിന് വീണ്ടും പരിഗണിക്കും.