ദില്ലി: വിദേശ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന് വാങ്ങിക്കാനുള്ള സംസ്ഥാനങ്ങലുടെ നീക്കത്തിന് തിരിച്ചടി. സംസ്ഥാനങ്ങളുമായി വാക്സിന് വിതരണത്തിന് കരാറില്‍ ഏര്‍പ്പെട്ടാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി മാത്രമെ ഇടപാടിനുള്ളുവെന്നാണ് പ്രമുഖ വിദേശ വാക്സിന് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. വാക്സിനുകള്‍ നേരിട്ട് ദില്ലിക്ക് വില്ക്കാന് കഴിയില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ഫൈസറും മോഡേണയും വ്യക്തമാക്കിയെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിക്കുന്നത്.
കേന്ദ്ര സര്‍ക്കാരുമായി മാത്രമേ ഇടപാടിനുള്ളുവെന്ന് വാക്സിന് നിര്‍മ്മാതാക്കള്‍ ഉറപ്പിച്ച് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്സിന് ലഭ്യതയുടെ കുറവ് മൂലം 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വിതരണം ദില്ലിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ”വാക്സിനുകള്‍ക്കായി ഞങ്ങള്‍ ഫൈസറുമായും മോഡേണയുമായും സംസാരിച്ചു, രണ്ട് നിര്‍മ്മാതാക്കളും വാക്സിനുകള്‍ ഞങ്ങള്‍ക്ക് നേരിട്ട് വില്ക്കാന് കഴിയില്ലെന്ന് അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി ഇടപെടുമെന്നാണ് അവര്‍ പറഞ്ഞത്. വാക്സിനുകള്‍ ഇറക്കുമതി ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനും ഞങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു, “-കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബന്ധപ്പെട്ടപ്പോഴും സമാന നിലപാടായിരുന്നു വാകിസിന് നിര്‍മ്മാണ കമ്ബനികള്‍ സ്വീകരിച്ചത്. മൊഡേണ, സ്പുട്നിക് വാക്സിന് നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ കമ്ബനികളുമായിട്ടായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടത്. ഇതില്‍ മോഡേണ കമ്ബനി മാത്രമായിരുന്നു പ്രതികരിച്ചത്. വാക്സിന് ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്സിന് വിതരണം നിര്‍ത്തിവെച്ചിരിക്കുകയുമാണ്.



